
ബോളിവുഡ് നടൻ ഗോവിന്ദക്കെതിരെ അദ്ദേഹത്തിൻറെ ഭാര്യ സുനിത അഹൂജ വിവാഹമോചന കേസ് ഫയൽ ചെയ്തു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബിന്ദ്ര. 2024 ഡിസംബർ 5ന് ബാന്ദ്ര കുടുംബ കോടതിയിൽ സുനിത അഹൂജ ഗോവിന്ദക്കെതിരെ ക്രൂരത, വിവാഹേതര ബന്ധം തുടങ്ങിയ കാരണങ്ങൾ കാണിച്ച് വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അതെല്ലാം പഴയ കാര്യങ്ങളാണെന്നും നിലവിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും ഇരുവരും ഒരുമിച്ച് ഗണേശ ചതുർത്ഥി ആഘോഷിക്കുമെന്നും ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബാന്ദ്ര അറിയിച്ചു.
വിവാഹ മോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ തീർത്തും ഒരു ഭാവമാറ്റവുമില്ലാതെ പൂർണ സന്തോഷവാനായി മുംബൈ വിമാനത്താവളത്തിൽ എത്തിയ ഗോവിന്ദ ചുറ്റും കൂടിയ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയുകയും ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്തു. 1987ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരാകുന്നത്. തന്റെ സ്ത്രീ ആരാധകരെ നഷ്ട്ടമാകും എന്ന് കരുതി നാല് വർഷത്തോളം ഗോവിന്ദ തൻറെ വിവാഹം രഹസ്യമാക്കി വെച്ചിരുന്നു. ഗോവിന്ദ - സുനിത അഹൂജ ദമ്പതികളുടെ മക്കളായ ടീന അഹൂജയും യഷ് വർദ്ധൻ അഹൂജയും ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.