'ഇന്‍ റ്റു ദി ഡാര്‍ക്ക്‌നെസി’ന് സുവര്‍ണമയൂരം; മികച്ച നടൻ സു ഷോൺ ലിയു, നടി സോഫിയ സ്റ്റാഫി

By Web TeamFirst Published Jan 24, 2021, 8:10 PM IST
Highlights

 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും മേളയിൽ ഇടംനേടിയിരുന്നു.

51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ’ഇന്‍ റ്റു ദി ഡാര്‍ക്ക്നെസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം നേടി. ആന്‍ഡേന്‍ റഫേനാണ് ചിത്രത്തിന്റെ സംവിധായകന്‍. 40 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ’ദി സൈലന്റ് ഫോറസ്റ്റ് ’ എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് സു ഷോൺ ലിയു മികച്ച നടനുള്ള പുരസ്‌കാരം നേടി. സോഫിയ സ്റ്റാഫിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ’ഐ നെവര്‍ ക്രൈ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സോഫിയയ്ക്ക് പുരസ്കാരം ലഭിച്ചത്. 

15 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹുസൈന്‍(ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.

മികച്ച നവാഗത സംവിധായകന്‍ ’വാലന്റീനേ’ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി. ക്രിപാല്‍ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമന്‍ കാലെ സംവിധാനം ചെയ്ത ബള്‍ഡേറിയന്‍ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം പാലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിനാണ് ലഭിച്ചത്.

ഹൈബ്രിഡ് രീതിയിലായിരുന്നു ഇത്തവണ മേള സംഘടിപ്പിച്ചത്. 2500 ഡെലി​ഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാനും അവസരം ഉണ്ടായിരുന്നു. വിഖ്യാത സംവിധായ‌കൻ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് മേള അദ്ദേഹത്തിനായാണ് സമർപ്പിച്ചത്. ആകെ 224 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. 

ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടായിരുന്നു ഉദ്ഘാടന ചിത്രം. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും മേളയിൽ ഇടംനേടിയിരുന്നു.

click me!