കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ; 'കരം' സെപ്റ്റംബർ 25ന് റിലീസ്

Published : Sep 05, 2025, 09:20 PM IST
ivan vukomanovic

Synopsis

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ. മലയാളികളുടെ പ്രിയപ്പെട്ട ആശാൻ. ഇവാൻ വുകോമനോവിച്ച് മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകളുമായി എത്തിയിരിക്കുകയാണ്. ഒപ്പം സിനിമാ വിശേഷവും. മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം 'കരം' സിനിമയിലൂടെ ഇനി അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച്. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്താനൊരുങ്ങുന്നത്.

''ലോകമെമ്പാടുമുള്ള എന്‍റെ സ്വന്തം മലയാളികളേ… എന്‍റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ! ഞാൻ തിരിച്ചെത്തുന്നു, ഇത്തവണ ഒരു പരിശീലകനായല്ല, ഒരു നടനായാണ്'' എന്നായിരുന്നു വീഡിയോ പങ്കിട്ട് സിനിമാ വിശേഷം പറഞ്ഞുകൊണ്ടാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിനീത് തന്‍റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്.

കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രീ പ്രൊഡക്ഷൻ‌ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്.

ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ കെ. മധുവിന്‍റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊ‍ഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു