'​ഇത് അംഗീകരിക്കാനാവില്ല, എനിക്ക് അവാര്‍ഡ് കിട്ടാത്തത് കൊണ്ടല്ല ഇത് പറയുന്നത്..'; തമിഴ്‌നാട് ചലച്ചിത്ര പുരസ്കാരത്തിനെതിരെ 'കൈതി' താരം മോണിക്ക

Published : Feb 02, 2026, 03:40 PM IST
Kaithi child artist monika siva criticize tamilnadu state film awards

Synopsis

'കൈതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം മോണിക്ക ശിവ, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ രംഗത്ത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ വ്യക്തി അതിന് അർഹനല്ലെന്ന് മോണിക്ക ആരോപിച്ചു.

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കൈതി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മോണിക്ക ശിവ. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ വ്യക്തി അതിനർഹമല്ലെന്നാണ് മോണിക്ക പറയുന്നത്. തനിക്ക് അവാർഡ് കിട്ടാത്തത് കൊണ്ടല്ല താൻ ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും, തന്നെപോലെ മികച്ച അഭിനയം കാഴ്ചവച്ച നിരവധി പേരുണ്ടെന്നും അവരിൽ ആർക്കെങ്കിലും പുരസ്കാരം ലഭിച്ചിരുന്നെങ്കിലും താൻ അംഗീകരിച്ചേനെ എന്നും മോണിക്ക പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ കൈതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മോണിക്ക. നേരത്തെ രാക്ഷസന്‍, കനാ, ആന്‍ ദേവതൈ, ശങ്കുചത്രം തുടങ്ങീ ചിത്രങ്ങളിലും മോണിക്ക മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

"കഴിഞ്ഞ ദിവസം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് വയസ് മുതല്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നുണ്ട്. 2016 മുതല്‍ 2022 വരെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ മിക്ക സിനിമകളും പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകള്‍ വലിയ ജനപ്രീതി നേടിയില്ലെങ്കിലും ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്റെ ഏറ്റവും മികച്ചു തന്നെ കഥാപാത്രങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കൈതി, രാക്ഷസന്‍, കനാ, ആന്‍ ദേവതൈ, ശങ്കുചത്രം തുടങ്ങിയ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്." മോണിക്ക പറയുന്നു.

"പക്ഷേ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയുടെ പ്രകടനം അതിന് അര്‍ഹമല്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് അവാര്‍ഡ് കിട്ടാത്തതിനാലല്ല ഇത് പറയുന്നത്. ഇതുപോലൊരു സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. പക്ഷെ ആ സമയത്ത് എന്നെപ്പോലെ ശക്തവും, അര്‍ത്ഥവത്തുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്ത വേറേയും ഒരുപാട് പേരുണ്ട്. അവരില്‍ ആര്‍ക്കെങ്കിലുമാണ് അവാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ എന്ന് ഞാന്‍ അംഗീകരിച്ചേനെ. അര്‍ഹതയുള്ള ഒരാള്‍ക്കാണല്ലോ നല്‍കിയതെന്ന് വിശ്വസിച്ചേനെ. പക്ഷെ ഈ സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ല." മോണിക്ക പറയുന്നു.

‘അവാര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമാകും’

"ഏറ്റവും പ്രധാനപ്പെട്ട കാര്യം, വ്യക്തികളാലോ വ്യക്തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനിക്കപ്പെടാന്‍ ഇതൊരു സ്വകാര്യ അവാര്‍ഡ് അല്ലെന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ്. അത് യഥാര്‍ത്ഥ കഴിവിനുള്ള അംഗീകാരമാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാനപ്പെട്ട അംഗീകാരമാണ്. അത് അര്‍ഹതയുള്ളവരിലേക്ക് എത്താതെ വരുമ്പോള്‍ ആഴത്തില്‍ വേദനിപ്പിക്കും. ഈ വിഷയത്തെ അഡ്രസ് ചെയ്യാനും ചോദ്യം ചെയ്യാനും എനിക്ക് അവകാശമുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ അവാര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമാകും.ഈ വിഷയത്തില്‍ ഇടപെടണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഞാന്‍ വിനീതിമായി അപേക്ഷിക്കുകയാണ്." മോണിക്ക കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മോണിക്കയുടെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'പല സീനുകളിലും അങ്ങനെ തോന്നി, ഓര്‍ക്കുമ്പോള്‍ സഹിക്കുന്നില്ല'; 'പ്രകമ്പന'ത്തിലെ നവാസിനെക്കുറിച്ച് സഹോദരന്‍
'കുട്ടികള്‍ വേണ്ട എന്നത് ചെറിയ പ്രായത്തിലേ തീരുമാനിച്ചതാണ്'; കാരണം പറഞ്ഞ് ലെന