ഭാഷകളുടെ വ്യത്യാസത്തിനെ കുറിച്ചുള്ളതാണ് വീഡിയോ.
ബിഗ് ബോസ് മലയാളം സീസൺ 7 ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ടു പേരായിരുന്നു ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ആദില 95-ാം ദിവസവും നൂറ 99-ാം ദിവസവുമാണ് ഹൗസിൽ നിന്നും എവിക്ടായത്. ആദില കൊച്ചിക്കാരിയും നൂറ കോഴിക്കോട് സ്വദേശിയുമാണ്. ഇരു പ്രദേശങ്ങളിലും ഉപയോഗിക്കുന്ന ചില വാക്കുകളിലെ വ്യത്യാസവുമായിട്ടാണ് ഇരുവരുടെയും പുതിയ വീഡിയോ.
ഗൃഹപ്രവേശത്തിന് 'പെരതാമസം' എന്നാണ് ആദിലയുടെ നാട്ടിലെ വാക്ക്. എന്നാൽ പെരതാമസത്തിന് നൂറയുടെ നാട്ടുകാർ പറയുന്നത് 'കുട്ടൂഷ' എന്നാണ്. കൊച്ചിയിൽ തണ്ണിമത്തൻ ആണെങ്കിൽ കോഴിക്കോട് അത് 'ബത്തക്ക'യാണ്. നീ എന്നത് കോഴിക്കോടുകാർ 'ഞ്ഞ്' എന്നാണ് പറയുകയെന്നും നൂറ പറയുന്നുണ്ട്. ഇതിനെ ആദില ട്രോളുന്നതും വീഡിയോയിൽ കാണാം. കൊച്ചിയിൽ ചെമ്മീൻ എന്ന് പറയുന്നത് കോഴിക്കോട് എത്തുമ്പോൾ 'കൊഞ്ചലും' കൊച്ചിയിലെ അദ്ദേഹം നൂറയുടെ നാട്ടിലെത്തുമ്പോൾ 'മൂപ്പര്' എന്നും ആകുന്നു.
കളഞ്ഞുപോയി എന്നതിന് 'പൊയ്പോയി' എന്നാണ് നൂറയുടെ മറുപടി. രണ്ട് തവണ പോകുമോ എന്നാണ് ഇതിന് ആദിലയുടെ കൗണ്ടർ. നൂറ പറയുന്നതു കേട്ട് താനും ഇപ്പോൾ' പൊയ്പോയി' എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്നും ആദില കൂട്ടിച്ചേർത്തു. ടെറസിന് 'എറാത്ത്' എന്ന് ആദില പറയുന്നതിന് 'കോലായി' എന്നാണ് കോഴിക്കോട് പറയുക എന്നായിരുന്നു നൂറയുടെ മറുപടി. എട്ടുകാലിക്ക് നൂറയുടെ നാട്ടിൽ പറയുന്നത് 'മണ്ണാച്ചൻ' എന്നാണ്. ബനാന ചിപ്സിന് തന്റെ നാട്ടിൽ പ്രത്യേകം വാക്കുണ്ട് എന്ന് നൂറ പറയുന്നുണ്ട്. 'ബറാത്ത്' എന്നാണ് അത്. പശുവിന് കോഴിക്കോട് 'പയ്യ്' എന്നും പറയുമെന്നും നൂറ പറയുന്നു. ഒരുമിച്ച് എന്നതിന് 'ഒപ്പം' എന്നാണ് കോഴിക്കോടൻ ഭാഷയെന്നും പറയുന്നു. എന്നാൽ പിന്നെ ഞങ്ങൾ 'ഒപ്പരം' വീഡിയോ നിർത്തുകയാണെന്ന് ആദില പറയുന്നുമുണ്ട്.
