
കൊച്ചി : താരസംഘടനയായ അമ്മ ജിഎസ്‍ടി ഇനത്തില്‍ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്‍ടി ഇന്‍റലിജന്‍സ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറില്‍ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ സംഘടന പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കൽ നോട്ടീസ് നല്‍കാനാണ് ജിഎസ്ടി വകുപ്പിന്‍റെ നീക്കം.
ജിഎസ്‍ടി നിലവിൽ വന്ന 2017 മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കുകയോ ചരക്ക് സേവന നകുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. സംഘടനയുടെ പ്രവര്‍ത്തനം ചാരിറ്റബിള്‍ സൊസൈറ്റിയെന്ന നിലയിലാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ, ഇക്കാലയളവില്‍ സ്റ്റേജ് ഷോകളിലൂടെയും ഡൊണേഷനുകളിലൂടെയും അമ്മയ്ക്ക് 15 കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടായതായി ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തി.
വിദേശരാജ്യങ്ങളിലുള്‍പ്പെടെ നടത്തിയ താര നിശകളിലൂടെയും ഡൊണേഷന്‍, അംഗത്വ ഫീസ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും ലഭിച്ച വരുമാനത്തിന്‍റെ കണക്കുകൾ കോഴിക്കോട്ടെ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം ശേഖരിച്ചിരുന്നു. തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞ സെപ്റ്റംബറിൽ വിളിച്ചുവരുത്തി. സംഘടന സാമ്പത്തിക ഇടപാടുകള്‍ ജിഎസ്‍ടിയുടെ പരിധിയില്‍ വരുന്നതാണെന്നും 2017 മുതലുളള നികുതിയും കുടിശികയും അടയ്ക്കണമെന്നും കാണിച്ച് നോട്ടീസും നല്‍കി. തുടര്‍ന്ന് ജിഎസ്‍ടി രജിസ്ട്രേഷന്‍ എടുത്ത അമ്മ 45 ലക്ഷം രൂപ ജിഎസ്‍ടി അടച്ചു. ബാക്കി 4 കോടി 36 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുളളത്.
നവംബര്‍ 15ന് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ തുക അടയ്ക്കാത്ത സാഹചര്യത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് നൽകി 30 ദിവസത്തിനകം പണം അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനാണ് ജിഎസ്‍ടി വകുപ്പിന്‍റെ നീക്കം. 2018 ലെ പ്രളയത്തിനു പിന്നാലെ അമ്മ സ്റ്റേജ് ഷോയിലൂടെ ആറര കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഈ തുക പൂര്‍ണമായും ജിഎസ്ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ