2023-ലെ വമ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ വീണ്ടും സിദ്ധാർഥ് ആനന്ദിനൊപ്പം ഒന്നിക്കുന്ന ചിത്രം
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിലവില്‍ ബോളിവുഡിലെ നമ്പര്‍ വണ്ണും അദ്ദേഹം തന്നെ. സീനിയര്‍ താരങ്ങളില്‍ ഷാരൂഖിന്‍റെയത്ര താരമൂല്യം നിലനിര്‍ത്തുന്ന മറ്റൊരാളില്ല. കരിയറില്‍ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍റേതായി മൂന്ന് ചിത്രങ്ങള്‍ 2023 ല്‍ എത്തിയിരുന്നു. അതില്‍ രണ്ടെണ്ണം വലിയ വിജയങ്ങളുമായി. പഠാനും ജവാനുമായിരുന്നു ആ ചിത്രങ്ങള്‍. പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍റേതായി അടുത്ത് വരാനിരിക്കുന്നത്. അതിനാല്‍ത്തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം വന്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.
സിദ്ധാര്‍ഥ് ആനന്ദ്- ഷാരൂഖ് ഖാന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് കിംഗ് എന്നാണ് പേരിട്ടിരിക്കുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, മാര്‍ഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ഗൗരി ഖാന്‍, സിദ്ധാര്‍ഥ് ആനന്ദ്, മംമ്ത ആനന്ദ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി ഡിസംബര്‍ 24 ആണ്. പഠാനും ജവാനും ഒക്കെപ്പോലെ തന്നെ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
ഷാരൂഖിനൊപ്പം മകള്‍
ഷാരൂഖ് ഖാനൊപ്പം മകള്‍ സുഹാന ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. സുഹാനയുടേതായി ആദ്യമായി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രവുമാണ് കിംഗ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, റാണി മുഖര്‍ജി, രാഘവ് ജുയല്‍, അഭയ് വര്‍മ്മ, സൗരഭ് ശുക്ല, ജയ്ദീപ് അഹ്ലാവത്ത്, അക്ഷയ് ഒബ്റോയ്, കരണ്‍വീര്‍ മല്‍ഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദിനൊപ്പം സുജോയ് ഘോഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജോയ് ഘോഷിന്‍റേതാണ് കഥ. സച്ചിത് പൗലോസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്‍റേതാണ് സംഗീതം.



