'ലൈ​ഗർ പരാജയപ്പെടാൻ കാരണം വിജയ് ദേവരക്കൊണ്ട'; വിമർശിച്ച തിയറ്റർ ഉടമയെ കാണാനെത്തി നടൻ, ശേഷം മാപ്പപേക്ഷ

By Web TeamFirst Published Aug 29, 2022, 8:31 AM IST
Highlights

സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗർ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനങ്ങൾ ഉയർന്നിരുന്നു.

പ്രഖ്യാപനസമയം മുതൽ ശ്രദ്ധനേടിയ വിജയ് ദേവരക്കൊണ്ട ചിത്രമാണ് 'ലൈ​ഗർ'.  വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. ചിത്രത്തിന്‍റെ പരാജയത്തിൽ വിജയ് ദേവരക്കൊണ്ടയെ വിമർശിച്ച് പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി രം​ഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ മനോജ് ദേശായിയെ സന്ദർശിച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. 

മനോജ് ദേശായിയുടെ മുംബൈയിൽ വീട്ടിൽ എത്തിയാണ് വിജയ് ദേവരക്കൊണ്ട കൂടിക്കാഴ്ച നടത്തിയത്. നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മനോജ് ദേശായി ക്ഷമ ചോദിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 'അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവിയുണ്ട്. നടന്റെ എല്ലാ സിനിമകളും ഇനി ഞാൻ സ്വീകരിക്കും. ഞാൻ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാൾ അമിതാഭ് ബച്ചനും മറ്റേയാൾ വിജയ് ദേവരകൊണ്ടയും', തിയേറ്ററുടമ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മനോജ് ദേശായി വിജയ് ദേവരക്കൊണ്ടയ്ക്ക് എതിരെ വിമർശനവുമായി എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗർ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്നാണ് വിജയ് പറഞ്ഞതെന്നും ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും  മനോജ് ദേശായി ആരോപിച്ചിരുന്നു. 

'ലൈഗര്‍' പരാജയമല്ല; റിലീസ് ദിന ആഗോള ഗ്രോസ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തിയത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 

click me!