Asianet News MalayalamAsianet News Malayalam

'ലൈഗര്‍' പരാജയമല്ല; റിലീസ് ദിന ആഗോള ഗ്രോസ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്‍സ് പശ്ചാത്തലമാക്കുന്ന ചിത്രം

liger first day worldwide box office collection vijay devarakonda
Author
First Published Aug 26, 2022, 1:44 PM IST

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വാരാന്ത്യത്തിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ടും വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ്. ബോളിവുഡിലെ വന്‍ പ്രൊഡക്ഷന്‍ ഹൌസ് ആയ, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നതാണ് അതിലൊന്ന്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നത് മറ്റൊരു കാരണം. ഇന്ത്യയില്‍ 2500 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം പക്ഷേ നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് കൂടുതല്‍ ലഭിച്ചത്. 

ചിത്രത്തിന്‍റെ ആദ്യ ദിന ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നായിരുന്നു നേരത്തെ പുറത്തെത്തിയ അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ചിത്രം നേടിയ ആഗോള ഗ്രോസ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. റിലീസിനു മുന്‍പ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്ന സംഖ്യയ്ക്കടുത്ത് നില്‍ക്കുന്നതാണ് ആ കണക്ക്. 33.12 കോടിയാണ് ചിത്രത്തിന്‍റെ ആദ്യദിന ആഗോള ഗ്രോസ് എന്നാണ് നിര്‍മ്മാതാക്കളുടെ കണക്ക്. ചിത്രം 35 കോടിക്കടുത്ത് നേടുമെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്.

അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർ ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 20 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തിൽ പ്രദർശനമുണ്ട്. 

ALSO READ : 'മോഗുളി'ന് പണം മുടക്കാനില്ലെന്ന് നിര്‍മ്മാതാവ്; സിനിമയില്‍ നിന്ന് ഇടവേളയ്ക്ക് ആമിര്‍ ഖാന്‍

Follow Us:
Download App:
  • android
  • ios