Marakkar Movie |മരക്കാര്‍ ഒടിടിയില്‍ തന്നെ; തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ചെയ്തില്ലെന്ന് വിമര്‍ശനം

By Web TeamFirst Published Nov 5, 2021, 1:56 PM IST
Highlights

നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ല. സർക്കാരിനോടും ചർച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബർ ആണെന്നും സുരേഷ്കുമാർ പറഞ്ഞു.
 

കൊച്ചി: മോഹൻലാൽ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം (Marakkar: Lion of the Arabian Sea) ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ (Film Chamber). തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഷ്ടം ഉണ്ടായാൽ നികത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ട ഉപാധി ഫിയോക് അംഗീകരിച്ചില്ല. സർക്കാരിനോടും ചർച്ച വേണ്ടെന്ന് ആവശ്യപ്പെട്ടത് ചേംബർ ആണെന്നും സുരേഷ്കുമാർ പറഞ്ഞു. ഫിയോക്ക് വാശിപിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 

15 കോടി മുൻകൂർ തൂക, ആദ്യ മൂന്നാഴ്‍ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളിൽ എന്ന നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ ഉപാധി ഫിയോക്  അംഗീകരിച്ചിരുന്നു. എന്നാൽ നഷ്ടമുണ്ടായാൽ തിയേറ്റർ വിഹിതത്തിൽ നിന്നും പത്ത് ശതമാനമെന്ന ഉപാധിയിൽ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. നിർമ്മാതാവ് യഥാർത്ഥ കണക്ക് നിരത്തുന്നില്ലെന്നാണ് ഫിയോക് പറയുന്നത്. ഒരു സിനിമയ്ക്കായി വിട്ടുവീഴ്ച ചെയ്താൽ സമാന ആവശ്യം മറ്റ് നിർമ്മാതാക്കളും ഉന്നയിക്കുമെന്നാണ് മറ്റൊരു വാദം. ഫിയോക് വൈസ് ചെയർമാനാണ് ആന്‍റണി പെരുമ്പാവൂർ. വൈസ് ചെയർമാന്‍റെ സിനിമികൾ തുടർച്ചയായി ഒടിടിയിലേക്ക് പോകുന്നത് സംഘടന ചർച്ച ചെയ്‍ത് തുടർ നടപടി സ്വീകരിക്കും. 

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നായിരുന്നു വിശദീകരണം. എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പൊളിഞ്ഞതോടെയാണ് സർക്കാർ ഇടപെടാൻ തീരുമാനിച്ചത്.

ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം. 

click me!