Asianet News MalayalamAsianet News Malayalam

Marakkar Movie | എന്താണ് ആ സര്‍പ്രൈസ്? 'മരക്കാര്‍' ലൊക്കേഷന്‍ വീഡിയോ പുറത്ത്

മരക്കാര്‍ സെറ്റില്‍ എത്തിയ സര്‍പ്രൈസ് അതിഥി, അണിയറക്കാരുമായി സൗഹൃദം പങ്കുവച്ച് 'തല'

thala ajith kumar at mohanlal starring marakkar movie location video
Author
Thiruvananthapuram, First Published Nov 4, 2021, 7:40 PM IST
  • Facebook
  • Twitter
  • Whatsapp

പ്രിയദര്‍ശന്‍റെ (Priyadarshan) മോഹന്‍ലാല്‍ (Mohanlal) ചിത്രം മരക്കാറിന്‍റെ ഒടിടി റിലീസിനെക്കുറിച്ച് (Marakkar OTT Release) സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലുമുയര്‍ന്ന ചര്‍ച്ച ഇനിയും അവസാനിച്ചിട്ടില്ല. തിയറ്റര്‍ ഉടമകളും നിര്‍മ്മാതാവും തമ്മില്‍ ഇതിനകം നടന്ന ചര്‍ക്കകളൊന്നും ഫലംകാണാത്ത സ്ഥിതിക്ക് ചിത്രം ഒടിടി റിലീസ് ആയിരിക്കാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പബ്ലിസിറ്റി മെറ്റീരിയല്‍ കൂടി പുറത്തെത്തിയിരിക്കുകയാണ്. ചിത്രീകരണ സമയത്ത് മരക്കാര്‍ സെറ്റില്‍ ഒരു സര്‍പ്രൈസ് അതിഥി എത്തിയതിന്‍റെ വീഡിയോ ആണത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ (Ajith Kumar) ആണ് മരക്കാര്‍ ചിത്രീകരണ സമയത്ത് അപ്രതീക്ഷിതമായി അവിടം സന്ദര്‍ശിച്ചത്. ഓരോ താരത്തെയും അഭിവാദ്യം ചെയ്‍ത് കുശലാന്വേഷണം നടത്തുന്ന അജിത്ത് കുമാറിനെ വീഡിയോയില്‍ കാണാം. മരക്കാറിന്‍റെ മ്യൂസിക് പാര്‍ട്‍നര്‍ ആയ സൈനാ മൂവീസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഫിലിം ചേംബറിന്‍റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളും നിര്‍മ്മാതാവും തമ്മില്‍ നടത്തിയ അവസാന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. എന്നാല്‍ മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിനിമാ സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പ് ആണ് ലക്ഷ്യം. മരക്കാര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്‍റെ മുടക്കുമുതല്‍ 100 കോടിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്നിരുന്നു. സിനിമയുടെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കേണ്ടിവന്നു. ഇത്തവണത്തെ ദേശീയ, സംസ്ഥാന അവാര്‍ഡുകളിലായി ആറ് പുരസ്‍കാരങ്ങളും ചിത്രം നേടിയിരുന്നു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

Follow Us:
Download App:
  • android
  • ios