
'കിംഗ് ഓഫ് പോപ്പ്' എന്നറിയപ്പെടുന്ന സംഗീത ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതകഥ പറയുന്ന 'മൈക്കിൾ' എന്ന ബയോപിക്കിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങിയതോടെ സംഗീതലോകം ആവേശത്തിലാണ്. എന്നാൽ, സിനിമയുടെ പ്രത്യേകത മറ്റൊന്നാണ്: മൈക്കിൾ ജാക്സന്റെ അനന്തരവനായ ജാഫർ ജാക്സനാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ജാക്സൻ്റെ സഹോദരൻ ജെർമെയ്ൻ ജാക്സൻ്റെ മകനായ 29-കാരനായ ജാഫർ, ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ്. നൃത്തത്തിലും പാട്ടിലും അമ്മാവനോട് കിടപിടിക്കുന്ന ജാഫർ, 'ത്രില്ലർ', 'ഡോണ്ട് സ്റ്റോപ്പ് ടിൽ യു ഗെറ്റ് ഇനഫ്' തുടങ്ങിയ ഗാനരംഗങ്ങൾ പുനഃസൃഷ്ടിക്കുമ്പോൾ, ജാക്സൻ്റെ അനശ്വരമായ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെക്കുകയാണ്. 2009-ൽ ലോകത്തോട് വിട പറഞ്ഞ ആ മഹാപ്രതിഭയുടെ കുടുംബവും പാരമ്പര്യവും സംഗീത ചരിത്രത്തിൽ എക്കാലവും ഒരു അധ്യായമാണ്.
മൈക്കിളിന്റെ അമ്മയായ കാതറിൻ ജാക്സൺ കുടുംബത്തിൻ്റെ നെടുംതൂണായിരുന്നു. 1988-ലെ ആത്മകഥയായ 'മൂൺവോക്കിൽ', മൈക്കിൾ അമ്മയെ 'ലോകത്തിലെ ഏറ്റവും മികച്ച അമ്മ' എന്നാണ് വിശേഷിപ്പിച്ചത്. അവർക്ക് ഇന്ന് 95 വയസ്സാണ്. പിതാവ് മുൻ ബോക്‌സറും ഗിറ്റാറിസ്റ്റുമായിരുന്നു ജോ ജാക്സൺ. ചെറുപ്പത്തിൽ പിതാവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് മൈക്കിൾ വെളിപ്പെടുത്തിയിട്ടുണ്ട്. 10 മക്കളിൽ എട്ടാമനായ മൈക്കിൾ ജാക്സൺ, ആറാമത്തെ വയസ്സിൽ തൻ്റെ സഹോദരങ്ങൾക്കൊപ്പം 'ജാക്സൺ 5' എന്ന ബാന്റിലൂടെയാണ് പൊതുവേദിയിൽ എത്തുന്നത്. മൈക്കിൾ ജാക്സൻ തൻ്റെ ജീവിതത്തിൽ രണ്ടു തവണ വിവാഹിതനായി. റോക്ക് ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളായ ലിസ മേരിയായിരുന്നു ആദ്യ ഭാര്യ. 1994 മുതൽ 1996 വരെയായിരുന്നു ഇവരുടെ ദാമ്പത്യം. ഗായികയും ഗാനരചയിതാവുമായിരുന്ന ലിസ 2023 ജനുവരിയിൽ അന്തരിച്ചു. ഡെബി റോ മൈക്കിളിൻ്റെ രണ്ടാം ഭാര്യയായിരുന്നു. ഡെർമറ്റോളജി അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ 66 വയസ്സുണ്ട്.മൈക്കിൾ ജാക്സന് മൂന്ന് മക്കളാണുള്ളത്. പ്രിൻസ് ജാക്സൺ 1997 ഫെബ്രുവരി 13-ന് ജനിച്ചു. നടൻ, മ്യൂസിക് പ്രൊഡ്യൂസർ, യൂട്യൂബർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പാരിസ് ജാക്സൺ,1998 ഏപ്രിൽ 3ന് ജനിച്ചത്. മോഡൽ, നടി, ഗായിക എന്നീ നിലകളിൽ ശ്രദ്ധേയയാണ്. ബിഗി ജാക്സന്നാണ് മൂന്നാമത്തെ മകൻ, 2002 ഫെബ്രുവരി 21-നാണ് ജനിച്ചത്. ബിഗിയുടെ അമ്മ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ 23 വയസ്സുള്ള ബിഗി പ്രൊഡ്യൂസറായും സംവിധായകനായും പ്രവർത്തിക്കുന്നു.
മൈക്കിൾ ജാക്സന്റെ സഹോദരങ്ങളും സഹോദരിമാരും സംഗീത ലോകത്ത് സ്വന്തമായ ഇടം നേടിയവരാണ്. മൈക്കിളിൻ്റെ ഇളയ സഹോദരി ജാനറ്റ് ജാക്സൺ ആഗോള തലത്തിൽ അറിയപ്പെടുന്ന ഗായികയും നടിയുമാണ്. കൂടാതെ, റെബി ജാക്സൺ, ജാക്കി ജാക്സൺ, ജെർമെയ്ൻ ജാക്സൺ, ലാ ടോയ ജാക്സൺ, മാർലൺ ജാക്സൺ, റാൻഡി ജാക്സൺ എന്നിവരെല്ലാം സംഗീത രംഗത്ത് സജീവമാണ്.
കുടുംബത്തിലെ മിക്കവരും സംഗീത-വിനോദ മേഖലയിൽ പ്രവർത്തിക്കുമ്പോഴും, മൈക്കിളിന്റെ അനശ്വരമായ പാരമ്പര്യം അടുത്ത തലമുറയിലേക്ക് എത്തിക്കാൻ മുന്നിട്ടിറങ്ങുന്നത് അനന്തരവൻ ജാഫർ ജാക്സൺ ആണെന്നത് ഈ ബയോപിക്കിൻ്റെ മാറ്റ് കൂട്ടുന്നു. 2026 ഏപ്രിൽ 24-നാണ് 'മൈക്കിൾ' തിയേറ്ററുകളിലെത്തുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ