
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിസേൽ തക്രാൽ. ഫാഷൻ, വിനോദ മേഖലകളിലെ പരിചിത മുഖമാണെങ്കിലും ബിഗ് ബോസിലെത്തും വരെ മലയാളികൾക്ക് അത്രകണ്ട് പരിചിതയായിരുന്നില്ല ജിസേൽ. ജിസേലിന്റെ വേരുകൾ കേരളത്തിലാണ്. ആലപ്പുഴക്കാരിയാണ് ഗിസേലിന്റെ അമ്മ. പഞ്ചാബിയായിരുന്നു അച്ഛൻ. ജിസേൽ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ജിസേലിനെ വളർത്തിയത്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അഭിമുഖങ്ങളുമായി തിരക്കിലാണ് ജിസേൽ.
ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും സഹമൽസരാർത്ഥികളെക്കുറിച്ചുമൊക്കെയാണ് വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ ജിസേൽ സംസാരിക്കുന്നത്. ആദിലയുടെയും നൂറയുടെയും വീട്ടുകാർ വരാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും ജിസേൽ പറയുന്നു. ''ആദില കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൾക്ക് നല്ല ദുഖമുണ്ട്. അവരുടെ ഫാമിലി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നു. സഹോദരങ്ങളെങ്കിലും വന്നിരുന്നെങ്കിൽ നന്നായിരുന്നു. അത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.
എത്ര ഫ്രണ്ട്സ് വന്നാലും നമ്മുടെ ഫാമിലി ഫാമിലിയാണ്. ഈ ഷോ കഴിഞ്ഞ് അവരുടെ കുടുംബം അവരെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി താൻ പ്രാർത്ഥിക്കുന്നു'', ജിസേൽ അഭിമുഖത്തിൽ പറഞ്ഞു. നിങ്ങളുടെ ഫാമിലി റൗണ്ടിൽ ദിയ സനയല്ലേ വരികയെന്ന് അക്ബർ ചോദിച്ചത് അവരെ വേദനിപ്പിക്കാനല്ലെന്നും അത് നെഗറ്റീവ് ആയി തോന്നിയില്ലെന്നും ജിസേൽ പറയുന്നു.
അനുമോളെക്കുറിച്ചും ജിസേൽ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ''അവിടെ ഞാൻ മാത്രമല്ല, പലരും ഒളിച്ചും പതുങ്ങിയും ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നു. ആദിലയും നൂറയും അനുമോളുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അനുമോൾ എന്നെ മാത്രമാണ് ടാർഗറ്റ് ചെയ്തത്. അത് ഒരു ലിമിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് വിഷമമായി'', ജിസേൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക