അമ്മയ്‍ക്ക് പിറന്നാള്‍ ആശംസയുമായി മീനാക്ഷി.

ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതരണത്തിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഒപ്പം എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനാക്ഷിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഫെമിനിസം, മതം, ജാതീയത തുടങ്ങി പല വിഷയങ്ങളിലും സ്വന്തം നിലപാട് പ്രഖ്യാപിച്ചിട്ടുള്ളയാൾ കൂടിയാണ് മീനാക്ഷി. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ആണ് മീനാക്ഷി ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെ മീനാക്ഷിയുടെ വരികളാണ് ഏറെപ്പേരുടെയും ശ്രദ്ധയാകർഷിക്കുന്നത്.

''എല്ലാവർക്കും അവരവരുടെ 'അമ്മ' സ്പെഷ്യലായിരിക്കും എന്നത് സ്വാഭാവികം. പക്ഷെ എനിക്കെന്റെ അമ്മ അതിലേറെ സ്പെഷ്യലാണ്. എന്റെ ചെറുപ്പത്തിലെ ഞാൻ ചിന്തിക്കുമായിരുന്നു... എല്ലാ മനുഷ്യർക്കും എല്ലായ്പ്പോഴും എല്ലാവരേയും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, അമ്മയുടെ എന്തൊക്കെയോ പ്രത്യേകതകൾ കൊണ്ട് അമ്മയെ എനിക്കറിയുന്നവർക്കെല്ലാം ഇഷ്ടമായിരുന്നു. ചെറുപ്പത്തിലെ എനിക്കും എല്ലാവരാലും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണമെന്നായിരുന്നു ആഗ്രഹം. പിന്നീടെനിക്ക് മനസിലായി എനിക്കെല്ലാക്കാലത്തും എല്ലാവർക്കും പ്രിയപ്പെട്ട ഒരാളായിരിക്കാൻ സാധിക്കില്ല എന്ന്. പക്ഷെ അമ്മ എങ്ങനെയാണ് അങ്ങനെയായിരിക്കുന്നതെന്ന ചോദ്യത്തിനുത്തരമെനിക്കറിയില്ലെങ്കിലും ഒന്നെനിക്കറിയാം... 'You are truly a special woman '... ഞ്ഞൂനൂന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ'', എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിരവധിയാളുകളാണ് മീനാക്ഷി പങ്കുവെച്ച പോസ്റ്റിനു താഴെ താരത്തിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്. ''ഈ മകളെ പ്രസവിച്ച അമ്മയ്ക്ക് നൂറ് പുണ്യം'', എന്നും ആരാധകരിലൊരാൾ കുറിച്ചു. ''നീയും പ്രിയമുള്ളത് തന്നെ, അമ്മയെ പോലെ'', എന്നാണ് മറ്റൊരു കമന്റ്.