
നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്‍മയം തീര്‍ത്ത് മുന്നേറുന്ന അഭിനയ ജീവിതത്തിൽ തന്നെ ഏറെ വ്യത്യസ്‍തമായൊരു സിനിമയാണ് 'മോൺസ്റ്റര്‍' എന്ന് ആരാധകര്‍. ഈ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയത്തെ ഏറെ ത്രില്ലിംഗായി ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത വിധത്തിൽ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. ദീപാവലി റിലീസുകളിൽ തീയേറ്ററുകളിൽ തരംഗം തീർക്കുകയാണ് മോണ്‍സ്റ്റര്‍. മോഹൻലാൽ പഞ്ചാബി ലുക്കിലെത്തിയിരിക്കുന്ന ചിത്രം ആദ്യ ദിവസം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഫാമിലി ഡ്രാമയായി തുടങ്ങി ത്രില്ലറായി മുന്നേറുന്ന കഥാഗതി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണെന്നാണ് തീയറ്റര്‍ പ്രതികരണങ്ങള്‍. മോഹൻലാലിനോടൊപ്പം ഹണി റോസ്, സുദേവ് നായര്‍, ലക്ഷ്‍മി മഞ്ജു തുടങ്ങിയവരുടെ പ്രകടനവും ഏറെ മികച്ചു നിൽക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. വര്‍ഷങ്ങള്‍ നീണ്ട മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ തന്നെ ഇതുവരെ നേരിടാത്ത വിധത്തിലുള്ള വില്ലൻ കഥാപാത്രമാണ് ചിത്രത്തിലേതെന്നതും പ്രത്യേകതയാണെന്നാണ് സിനിമാപ്രേമികളുടെ പ്രതികരണം. 'മോണ്‍സ്റ്ററി'ന്റെ പ്രധാന ഒരു ആകര്‍ഷണവും ഇതുതന്നെയാണ്.
ചിത്രത്തിലെ അവസാനത്തെ 20 മിനിറ്റ് തീപാറുന്ന പ്രകടനമാണ് മോഹൻലാലും എതിരിടാനെത്തുന്ന വില്ലൻ കഥാപാത്രവും നടത്തിയിരിക്കുന്നതെന്നും സോഷ്യൽമീഡിയയിലുള്‍പ്പെടെ പലരും പങ്കുവെച്ചിട്ടുണ്ട്. അറുപത് വയസ്സ് പിന്നിട്ട ഒരു മനുഷ്യന്‍റെ മെയ് വഴക്കവും ചടുല ചലനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണെന്നാണ് ക്ലൈമാക്സ് ഫൈറ്റ് കണ്ട് പലരുടേയും അഭിപ്രായം.
സിനിമയിറങ്ങും മുമ്പ് മോഹൻലാൽ പറഞ്ഞതുപോലെ സിനിമയുടെ തിരക്കഥയാണ് ഹിറോയും വില്ലനും. അടുത്തതെന്ത് എന്ന ചിന്തയ്ക്ക് പോലും ഇട നൽകാതെ ഓരോ നിമിഷവും സര്‍പ്രൈസുകൾ നിറച്ച് മുന്നേറുന്ന കഥ തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ഒപ്പം വൈശാഖ് എന്ന സംവിധായകന്‍റെയും അഭിനേതാക്കളുടേയും പ്രതിഭയും ചേരുമ്പോൾ ചിത്രം ഒരു ഗംഭീര അനുഭവമാകുന്നുണ്ട്. ഇത്തരത്തിൽ സാമൂഹിക പ്രസക്തിയുള്ളൊരു വിഷയം ഗൗരവമൊട്ടും ചോരാതെ മികച്ചൊരു സിനിമാനുഭവമാകും വിധത്തിൽ നിർമ്മിച്ച ആന്‍റണി പെരുമ്പാവൂരിനേയും പലരും അഭിനന്ദിക്കുന്നുണ്ട്.
Read More: നിറഞ്ഞാടി 'ലക്കി സിംഗ്', ത്രില്ലടിപ്പിച്ച് 'മോണ്‍സ്റ്റര്‍'- റിവ്യു