
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ 'കിരീടം' സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹൻലാൽ-ലോഹിതദാസ്- സിബി മലയിൽ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന സേതുമാധവൻ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ കാണാൻ ആരാധകർക്ക് അവസരമൊരുങ്ങുകയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ കിരീടം, 37 വർഷങ്ങൾക്കിപ്പുറം പുതിയ സാങ്കേതികവിദ്യയുടെ കരുത്തോടെയാണ് എത്തുന്നത്. 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉൾപ്പെരുപ്പറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലറുടെ, സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികൻ്റെ സിനിമ. സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ ഓൺസ്‌ക്രീൻ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാകെ തകർത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസിൽ ഉറച്ചുപോയ മുൾക്കിരീടം ആണ് ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്തഭിനയിച്ച ആ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. റീ-റിലീസില്‍ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഛായാഗ്രാഹണം: എസ് കുമാർ, എഡിറ്റർ:: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ