
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമായ നടികര്‍ തിലകത്തിൻ്റെ ഷൂട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിച്ചു. പൂജ ചടങ്ങുകളോട് കൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡ് ആണ് നിര്‍മ്മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. വിവിധ ലൊക്കേഷനുകളിലായി 120 ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബജറ്റ് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്.
'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇത് തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഭാവന നായികയാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, വീണ നന്ദകുമാർ, നന്ദകുമാർ, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, ഓഡിയോഗ്രഫി ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് മേരകി വി എഫ് എക്സ്, സ്റ്റിൽ ഫോട്ടോഗ്രഫി വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ