രഞ്ജിത്തിന്‍റെ രചനയിലും സംവിധാനത്തിലും 2012 ല്‍ പുറത്തിറങ്ങിയ ചിത്രം

മദ്യപാന ശീലമുള്ള കഥാപാത്രങ്ങളായി മോഹന്‍ലാല്‍ എക്കാലത്തും സ്കോര്‍ ചെയ്തിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും അയാള്‍ കഥയെഴുതുകയാണിലെ സാ​ഗര്‍ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അവരില്‍ ചിലര്‍. എന്നാല്‍ അതില്‍ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മദ്യാസക്തിയുടെ ദോഷവശങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ സ്പിരിറ്റ്. രഞ്ജിത്തിന്‍റെ രചനയിലും സംവിധാനത്തിലും 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോലിയിടെ മടുപ്പ് മൂലം വിദേശ ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോ​ഗം രാജിവച്ച് ടെലിവിഷന്‍ ജേണലിസത്തിലേക്ക് എത്തിയ ആളാണ് രഘു. മദ്യപാനാസക്തി തന്നെ കീഴ്പ്പെടുത്തിയെന്ന അയാളുടെ മനസിലാക്കലും തിരിച്ചുവരവുമൊക്കെ പ്രമേയമാക്കുന്ന ചിത്രത്തില്‍ ​ഗംഭീരപ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പില്‍ ഇതേക്കുറിച്ചുള്ള ഒരു ആരാധകന്‍റെ സംശയത്തിനാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അലക്സി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകന്‍ കൂടിയായ ശങ്കര്‍ രാമകൃഷ്ണന്‍ മറുപടിയുമായി എത്തിയത്.

ഉണ്ണികൃഷ്ണന്‍ എന്ന സിനിമാപ്രേമിയുടെ പോസ്റ്റ് ഇങ്ങനെ- "കോമഡി അഭിനയിച്ചു ഫലിപ്പിക്കുന്നത് പോലെ തന്നെ വളരെ പ്രയാസമുള്ള ഒന്നാണ് മദ്യപാനിയായി അഭിനയിച്ചു ഫലിപ്പിക്കുക എന്നത്. ഒട്ടുമിക്ക സൂപ്പർ/ മെഗാതാരങ്ങളും ഈ ഒരു കാര്യത്തിൽ (കഴിക്കുന്നവർ പോലും) പരാജയമാണ്. അവിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഒരു പാഠപുസ്തകം ആകുന്നത്. മുൻപും പല സിനിമകളിൽ (ആൽക്കഹോളിക് ആയി വന്ന ഹലോ അടക്കം) അദ്ദേഹം മദ്യപാനിയായി വന്നെങ്കിലും സ്പിരിറ്റിലെ രഘുനന്ദൻ ബഹുദൂരം മുന്നിലാണ്. പ്രത്യേകിച്ചു ഒരു കുടിയന്റെ മുഖത്തെ മാറ്റങ്ങൾ, കണ്ണുകൾക്ക് താഴെ ഉണ്ടാവുന്ന വീക്കം etc അടക്കം!! ഇനി ഇദ്ദേഹം ഈ പടത്തിൽ വെള്ളമടിച്ചിട്ടാണോ അഭിനയിച്ചത്??", പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

ഫേസ്ബുക്ക് സിനിമാപ്രേക്ഷക കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബില്‍ ഉണ്ണികൃഷ്ണന്‍ ഇട്ട ഈ പോസ്റ്റിന് താഴെ ശങ്കര്‍ രാമകൃഷ്ണന്‍ കമന്‍റുമായി എത്തി. "അല്ല. ഒരു സീനില്‍ പോലും. അദ്ദേഹം സമചിത്തതയോടെ തന്നെയാണ് അഭിനയിച്ചത്", ശങ്കര്‍ രാമകൃഷ്ണന്‍ കമന്‍റ് ബോക്സില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നന്ദുവാണ് മദ്യാസക്തിയുള്ള മണിയന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കനിഹ, കല്‍പ്പന, മധു, ​ഗോവിന്ദന്‍കുട്ടി അടൂര്‍, ലെന, തിലകന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്.

ALSO READ : അന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് കുറേ വിളിപ്പിച്ചു; ഇന്ന് 'ബിഗ് ബോസി'നെ ഇങ്ങോട്ട് വിളിപ്പിച്ച് അഖില്‍: വീഡിയോ