കൂടത്തായി സിനിമകള്‍ക്കും സീരിയലിനും സ്റ്റേയില്ല; എതിർകക്ഷികൾക്ക് കോടതിയുടെ നോട്ടീസ്

By Web TeamFirst Published Jan 13, 2020, 1:56 PM IST
Highlights

ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിമ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. കൊല്ലപ്പെട്ട റോയ് തോമസിന്‍റെയും ജോളിയുടെയും മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. കേസിലെ മുഖ്യപ്രതി ജോളി തോമസ്, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.

നിര്‍മാതാക്കളുടെ പ്രതികരണം കോടതി ആരായും. ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്‍മ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഒപ്പം മലയാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര ഇന്ന് ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്. 

കൂടത്തായി കൊലപാതകക്കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കും മുന്‍പേ തന്നെ കേരളത്തെ ഞെട്ടിച്ച ഈ കേസിനെ ഇതിവൃത്തമാക്കി സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഇതിനകം തന്നെ  മുഖ്യപ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോള്‍ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 

അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട് പലതും വെളിപ്പെടുത്താനുണ്ടെന്നും സമയമാവുമ്പോള്‍ പറയുമെന്നും കേസിലെ ഒന്നാം പ്രതിയായ ജോളി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്ന് പറയുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആളൂര്‍ സാര്‍ വരട്ടെ എന്നായിരുന്നു ജോളിയുടെ മറുപടി. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി പറഞ്ഞു. 

Also Read: ആളൂര്‍ സാര്‍ വരട്ടെ; പലതും പറയാനുണ്ടെന്ന് ജോളി കൂടത്തായി

click me!