'ആ മനുഷ്യനെ എല്ലാവരും ഒരുപാട് പറയുന്നുണ്ട്'; പ്രിയദര്‍ശനോട് തനിക്കുള്ള ബഹുമാനത്തെക്കുറിച്ച് 'പടക്കളം' സംവിധായകന്‍

Published : Jun 20, 2025, 04:20 PM IST
padakkalam movie director manu swaraj shares the respect he has for priyadarshan

Synopsis

ഒടിടിയിലും ഹിറ്റ് ആണ് 'പടക്കളം'

പ്രിയദര്‍ശനോളം തിയറ്ററുകളില്‍ പൊട്ടിച്ചിരി സൃഷ്ടിച്ചിട്ടുള്ള സംവിധായകര്‍ കുറവാണ് മലയാളത്തില്‍. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്ത് വിലയിപ്പിച്ചിട്ടുണ്ട്. റിപ്പീറ്റ് വാല്യുവിലും മുന്നിലാണ് പ്രിയദര്‍ശന്‍ ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ പലതും വിദേശ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണ്. പ്രിയദര്‍ശന്‍ തന്നെ അക്കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രിയദര്‍ശന്‍ ചിത്രങ്ങളെക്കുറിച്ചും ഒരു കഥയെ മറ്റൊരു സംസ്കാരത്തിലേക്ക് പറിച്ചുനടുന്നതില്‍ പ്രിയദര്‍ശനുള്ള കഴിവിനെക്കുറിച്ചും പറയുകയാണ് യുവസംവിധായകനായ മനു സ്വരാജ്. പടക്കളം എന്ന സിനിമയുടെ സംവിധായകനാണ് മനു. വിറ്റ് ടോക്സിന് നല്‍കിയ അഭിമുഖത്തിലാണ് മനു സ്വരാജ് ഇക്കാര്യങ്ങള്‍ പറയുന്നത്, ഒപ്പം പ്രിയദര്‍ശനോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ചും.

പടക്കളത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അതിലേക്ക് പ്രിയദര്‍ശനും ഇടംപിടിച്ചത്. മനു സ്വരാജിന്‍റെ വാക്കുകള്‍- “എല്ലാ കോമഡിയും എടുത്ത് മാറ്റിയാലും ഇതിനകത്ത് (പടക്കളം) ഒരു കഥയുണ്ട്, ഒരു പടമുണ്ട്. അതിന് മേലെ ഇവര്‍ക്ക് (അഭിനേതാക്കള്‍) ഇംപ്രൊവൈസ് ചെയ്യാന്‍ ഇട്ടുകൊടുത്താല്‍ മതി. നമ്മള്‍ പണ്ട് കണ്ടിട്ടുള്ള പ്രിയദര്‍ശന്‍ സാറിന്‍റെയും മോഹന്‍ലാലിന്‍റെയും എല്ലാ പടങ്ങളിലുമുള്ള ഒരു ​ഗുണം അതാണ്. അവരുടെ സ്റ്റോറി കൃത്യമാണ്. ബോയിം​ഗ് ബോയിം​ഗ് എടുത്താലും വന്ദനം എടുത്താലും കഥ അവിടെയുണ്ട്”, മനു പറയുന്നു.

“സിഡി ഉണ്ടല്ലോ” എന്നായിരുന്നു ഇതിന് അഭിമുഖകാരന്മാരില്‍ ഒരാളുടെ തമാശയോടെയുള്ള പ്രതികരണം. പ്രിയദര്‍ശന്‍ പടങ്ങള്‍ കോപ്പിയടിയാണ് എന്ന് സൂചന. അതിനോട് മനു സ്വരാജിന്‍റെ പ്രതികരണം ഇങ്ങനെ- “അത് അങ്ങനെയല്ല. എല്ലാവരും ആ മനുഷ്യനെ ഒരുപാട് പറയുന്നുണ്ട്. ഞാന്‍ നിങ്ങളോട് ബെറ്റ് വെക്കാം. നിങ്ങള്‍ ഒരു ഇം​ഗ്ലീഷ് പടം കണ്ടിട്ട് അത് മലയാളത്തില്‍ ചെയ്യാന്‍ നോക്ക്. അപ്പോള്‍ അറിയാം അതിന്‍റെ ബുദ്ധിമുട്ട്. വേറൊന്നുമല്ല, നമ്മുടെ സംസ്കാരത്തിലേക്ക് അത് പറിച്ചുനടുക എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ ടാസ്ക് വേറെ ഇല്ല. പുള്ളി സിഡി ആണെന്ന് പറഞ്ഞില്ലേ, ആ പത്ത് സിഡി ഞാന്‍ നിങ്ങള്‍ക്ക് തരാം. നിങ്ങള്‍ അത് മലയാളത്തില്‍ ചെയ്ത് നോക്ക്. ആള്‍ക്കാര് കൂവും. സാസ്കാരികമായി മലയാളത്തിലേക്ക് മാറ്റുക എന്നത് ചില്ലറ പരിപാടി അല്ല. ഞാന്‍ അത് ചെയ്തിട്ടുള്ളതുകൊണ്ട് പറയുകയാണ്. എത്രയോ ഇം​ഗ്ലീഷ് പടങ്ങള്‍ ഞാനും ചുരണ്ടാന്‍ നോക്കിയിട്ടുണ്ട്. നടക്കില്ല ബ്രോ, നടക്കില്ല. അത് വേറെ തന്നെ സ്കില്‍ ആണ്. അതൊരു രണ്ടാം തരം സ്കില്‍ ആയി നമ്മള്‍ ഒരിക്കലും കാണേണ്ട കാര്യമില്ല. ആ മനുഷ്യന്‍ (പ്രിയദര്‍ശന്‍) എനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആളാണ്”, മനു സ്വരാജ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി