Latest Videos

വിധു വിന്‍സെന്‍റിന്‍റെ ആരോപണങ്ങള്‍; ദീര്‍ഘമായ മറുപടിയുമായി പാര്‍വ്വതി

By Web TeamFirst Published Jul 13, 2020, 6:46 PM IST
Highlights

'അധികം വൈകാതെ തന്നെ വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റിൽ വരികയും ഞാൻ സ്ക്രിപ്റ്റ് കേൾക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാൻ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂർവം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാൽ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് വധുവിനെ അറിയിച്ചു..'

വിമെന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള സംവിധായിക വിധു വിന്‍സെന്‍റിന്‍റെ അഭിപ്രായപ്രകടനം ഉയര്‍ത്തിയ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്നുണ്ട്. ഡബ്ല്യുസിസി ഇതിനോട് ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജിയ്ക്കുള്ള കാരണങ്ങള്‍ സംബന്ധിച്ച വിധുവിന്‍റെ കുറിപ്പില്‍ നടി പാര്‍വ്വതി ഉള്‍പ്പെടെയുള്ള ചിലരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വിധുവിന്‍റെ ആരോപണങ്ങളില്‍ തനിക്കു പറയാനുള്ളത് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വ്വതി. സമൂഹമാധ്യമത്തിലൂടെയാണ് പാര്‍വ്വതിയുടെ പ്രതികരണം.

പാര്‍വ്വതിയുടെ പ്രതികരണം

ഇതിനു മുൻപ് ഒരിക്കലും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗർഭാഗ്യകരം തന്നെയാണ്. ഞാനും വിധുവും തമ്മിൽ പരസ്പരം സംസാരിച്ച് വ്യക്തത വരുത്താമായിരുന്ന ഒരു വിഷയമായിരുന്നിട്ടും, വിധു തന്റെ കത്ത് പരസ്യമാക്കിയതോടെയാണ് ഇങ്ങനെ ഒരു തുറന്ന പ്രസ്താവന എനിക്കും നടത്തേണ്ടി വരുന്നത്.

ALSO READ: എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചു? വെളിപ്പെടുത്തലുമായി വിധു വിന്‍സെന്‍റ്

എന്റെ സഹപ്രവർത്തകയും സഹയാത്രികയുമായ വിധുവിന്റെ ആരോപണത്തിന് സമൂഹ മാധ്യമത്തിലൂടെ ഒരു മറുപടി നൽകണോ എന്ന്, ഒരുപാടാലോചിച്ച ശേഷമാണ് ഞാൻ ഒരു തീരുമാനമെടുത്തത് . ഇതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്; വിധുവിന്റെ ചില പരാമർശങ്ങൾ WCC എന്ന സംഘടനയെ കുറിച്ചാണ്; അത് ആദ്യം അഭിസംബോധന ചെയ്യപ്പെടണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു- കാരണം ഈ കളക്ടീവും, അതുൾക്കൊള്ളുന്ന മൂല്യങ്ങളും, കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങളും, എനിക്കത്രയും പ്രധാനപ്പെട്ടതാണ്. രണ്ടാമതായി, വിധു WCCയിലെ മറ്റ് ചില അംഗങ്ങൾക്കെതിരെ ഉയർത്തിയ വ്യക്തിപരമായ ആരോപണങ്ങളാണ്. ഇതിൽ എന്നെ കുറിച്ച് വന്ന പരാമർശങ്ങൾക്കുള്ള എന്റെ വ്യക്തിപരമായ പ്രതികരണമാണിത്. വിധു WCCക്ക് അയച്ച കത്തിൽ ഞാൻ അവരുടെ ഓഫറിനോടും സ്ക്രിപ്റ്റിനോടും പ്രതികരിക്കുക പോലും ചെയ്യാതെ അവരെ അപമാനിച്ചു എന്ന് എടുത്തു പറയുന്നുണ്ട്. അതിൽ പറഞ്ഞ സംഭവങ്ങളുടെ ക്രമത്തിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

 

ALSO READ: 'അപവാദകരമായ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരം'; വിധുവിന്‍റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഡബ്ല്യുസിസി

2018 മെയ് മാസത്തിൽ, ‘കൂടെ’, ‘മൈ സ്റ്റോറി’, എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയായിരുന്നെങ്കിലും, ആ സമയത്ത് ഞാൻ നേരിട്ട് കൊണ്ടിരുന്ന നിരന്തരമായ ഹേറ്റ് ക്യാമ്പെയിനുകളും, ഭീഷണികളും, മാനസികമായി എന്നെ ഒരുപാട് തളർത്തിയിരുന്നു. എന്റെ ഡോക്ടറുടെ നിർദേശ പ്രകാരം ജോലിയിൽ നിന്നും, അത് സംബന്ധിച്ച എല്ലാ കമ്മ്യൂണിക്കേഷനുകളിൽ നിന്നും താൽക്കാലികമായ ഒരു ഇടവേള ഞാൻ എടുത്തിരുന്നു. ‘ഉയരെ’ യുടെ ചിത്രീകരണത്തിനായി 2018 നവംബറിലാണ് ഞാൻ ജോലി പുനരാരംഭിച്ചത്. 2018 ഡിസംബറിൽ, ‘ഉയരെ’യുടെ ഷൂട്ടിംഗ് സമയത്ത് നടന്ന WCCയുടെ മീറ്റിംഗിൽ, ഞാൻ അവരുടെ കാസ്റ്റിംഗ് ഓഫറിന് പ്രതികരിച്ചില്ല എന്ന് വിധു പരാമർശിച്ചിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുൻപ് വിധു അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഒരു ഇടവേളയിലായിരുന്നെനും, വിധുവിന്റെ പ്രോജെക്ടിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഞാൻ അവരോട് പറഞ്ഞു. വാട്സാപ്പിലാണ് താൻ മെസ്സേജ് അയച്ചിരുന്നെതെന്ന് വിധു പറഞ്ഞപ്പോൾ, അതൊന്നു കൂടി എനിക്കയക്കാൻ ഞാൻ അവരോട് റിക്വസ്റ്റ് ചെയ്തത് പ്രകാരം, 2018 മെയ് മാസം, 30ആം തീയതി അവരെനിക്കയച്ച മെസ്സേജ് വിധു വീണ്ടും അയച്ചു തന്നു. സിനിമയുടെ ഒരു പാരഗ്രാഫ് മാത്രം വരുന്ന രത്‌നച്ചുരുക്കം ആയിരുന്നു ആ മെസ്സേജ്. വീണ്ടും ക്ഷമ ചോദിച്ച ശേഷം ആ റോളിനായി എന്നെ അപ്പോഴും പരിഗണിക്കുന്നുണ്ടോ എന്ന് ഫോളോ അപ്പ് മെസേജിലൂടെ ചോദിച്ചിരുന്നു. വിധു തന്റെ താല്പര്യം അറിയിക്കുകയും, ‘ഉയരെ’യുടെ സെറ്റിൽ വെച്ച് കാണാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഒരു പ്രൊഫഷണൽ പ്രാക്ടീസ് എന്ന രീതിയിൽ, സാധാരണ ഗതിയിൽ, മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് സ്ക്രിപ്റ്റ് നറേഷനുകൾ ഞാൻ ചെയ്യാറില്ല. എന്നിരുന്നാലും, ഇതിനായി വിധു ഇനിയും കാത്തിരിക്കരുത് എന്നുള്ള തീരുമാനത്തിലാണ് ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തത്. അതെ സമയം, നടന്ന സംഭവങ്ങളിൽ എനിക്കുണ്ടായ വിഷമം ഒരു തുറന്ന കത്തിലൂടെ, വിധു ഉൾപ്പെടുന്ന ഫൗണ്ടിങ് മെമ്പേഴ്സിനെ എല്ലാം ഞാൻ അറിയിച്ചിരുന്നു. അത് വരെ ചർച്ച ചെയ്യാത്ത സെൻസിറ്റിവും പഴ്സണലും ആയ എന്റെ ആരോഗ്യ വിവരങ്ങൾ ആ ഇമെയിലിൽ ഉൾപ്പെട്ടിരുന്നു. അത്രമാത്രം ഓൺലൈനിൽ വന്നു കൊണ്ടിരുന്ന ഹേറ്റ് ക്യാമ്പെയിനുകളും വ്യക്തിഹത്യകളും എന്നെ ബാധിച്ചിരുന്ന സമയമായിരുന്നു അത്. അവരെല്ലാവരും എന്റെ അപ്പോഴത്തെ മാനസികവും ശാരീരികവും ആയ ആരോഗ്യനില മനസ്സിലാക്കുമെന്നുള്ള പൂർണ ബോധ്യത്തിലും പ്രതീക്ഷയിലുമാണ് ഞാൻ ആ ഇമെയിൽ അയച്ചത്. ജോലിയിൽ നിന്നും വിട്ടു നിന്ന സമയത്ത് എന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ള മനഃപൂർവമല്ലാത്ത എല്ലാ വീഴ്ചകളും പരിഹരിക്കുമെന്നും ഞാൻ അതിൽ എഴുതിയിരുന്നു.

ALSO READ: 'താങ്ങും തണലുമായി നില്‍ക്കുന്നത് ഫെഫ്‍ക'; ഡബ്ല്യുസിസിക്കെതിരെ ആരോപണങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍

അധികം വൈകാതെ തന്നെ വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റിൽ വരികയും ഞാൻ സ്ക്രിപ്റ്റ് കേൾക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാൻ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂർവം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാൽ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് വധുവിനെ അറിയിച്ചു. അതിലെ ക്യാരക്ടർ ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയതിനാൽ, തയ്യാറെടുപ്പിനു വേണ്ടി കുറച്ചധികം സമയം വേണ്ടി വന്നേക്കാം എന്നുള്ള വസ്തുത, പ്രോജെക്ടിനെ ബാധിക്കാൻ സാധ്യതയുള്ളത് കൊണ്ട്, എനിക്ക് വേണ്ടി കാത്തു നിൽക്കുന്നത്, പ്രാക്ടിക്കൽ ആയ ഒരു തീരുമാനം ആവില്ലെന്ന് അവരോട് ഞാൻ പറഞ്ഞു. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടും, പ്രൊജക്ടിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും ഡെയ്റ്റ് അവൈലബിലിറ്റി ഒക്കെയായി, ഇത് വിധുവിനു ബുദ്ധിമുട്ടാകും എന്നായിരുന്നു എന്റെ ആശങ്ക. വിധുവിന്റെ നിർബന്ധപ്രകാരം ഒരിക്കൽ കൂടി ആലോചിച്ച ശേഷം 10 ദിവസങ്ങൾക്കുള്ളിൽ ഒരു തീരുമാനം പറയാമെന്ന് ഞാൻ അവരെ അറിയിച്ചു. അത് പ്രകാരം, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവരെ വിളിച്ച് , ആ പ്രോജക്ടിന്റെ ഭാഗമാകാൻ എനിക്ക് സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്റെ ആശങ്കകളും തീരുമാനവും മനസ്സിലാക്കുന്നുവെന്ന് പറയുകയും, പ്രോജെക്ടിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഞാൻ അന്വേഷിച്ചപ്പോൾ വിധു അത് പങ്കുവെക്കുകയും ചെയ്തു. സൗഹാർദപരമായാണ് ആ സംഭാഷണം അവസാനിച്ചത്. ‘ഉയരെ’ പൂർത്തിയാക്കി ‘വൈറസിന്റെ’ ലൊക്കേഷനിലേക്കും, പിന്നീട് ‘ഉയരെ’യുടെ ഡബ്ബിങ്ങിനുമായി മാർച്ച് അവസാനം വരെ ഞാൻ തിരക്കിലായിരുന്നു. ജോലിയിൽ പൂർണമായും മുഴുകിയിരുന്ന ആ സമയത്ത്, ഞാൻ തീർത്തും ‘നോ’ പറഞ്ഞ ശേഷവും, തിരക്കഥയുടെ ഡ്രാഫ്റ്റ് വിധു ഇമെയിൽ അയച്ചത്, അപ്രതീക്ഷിതമായിരുന്നു. അത് കഴിഞ്ഞു 30-40 ദിവസങ്ങൾക്കുള്ളിൽ തന്നെ നിമിഷ സജയനെ വെച്ചുള്ള സ്റ്റാൻഡ് അപ്പിന്റെ പോസ്റ്റർ പുറത്തിറങ്ങി. നിമിഷയെ പോലെ ശക്തയായ ഒരു പെർഫോർമർ ആ റോൾ ഏറ്റെടുത്തത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

ALSO READ: ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ റിലീസിനു മുന്‍പ് എന്തുകൊണ്ട് പരാതിപ്പെട്ടില്ല? മറുപടിയുമായി ഗീതു മോഹന്‍ദാസ്

പിന്നെ ഞാൻ വിധുവുമായി സംസാരിക്കുന്നത് സ്റ്റാൻഡ് അപ്പിന്റെ റിലീസിന് ശേഷമാണ്. പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളുടെ തലക്കെട്ടുകളിൽ വിധു, #metoo കുറ്റാരോപിതനായ,നടൻ സിദ്ദിഖുമൊത്ത് ഞാൻ അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചത് കാണാനിടയായി. പലപ്പോഴും വ്യക്തിപരമായതും, WCCയുടെയും മൂല്യങ്ങളെ എതിർക്കുന്നവരുമായി, തൊഴിൽപരമായി സഹകരിക്കാൻ ഞങ്ങൾ നിര്ബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളിൽ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു, ആക്ഷേപിക്കുന്നു എന്ന രീതിയിലായിരുന്നു ഉപയോഗിച്ച് കണ്ടത്. ഡിസംബർ 14നു ഇത് സംബന്ധിച്ചു സംസാരിക്കാൻ ഞാൻ വിധുവിനെ ഫോണിൽ വിളിക്കുകയും ഞങ്ങൾ മുമ്പത്തെ പോലെ നല്ല സൗഹൃദത്തിൽ സംസാരിക്കുകയും ചെയ്തു. എന്റെ ആശങ്ക പങ്കുവച്ചപ്പോൾ, അവരുടെ വാക്കുകൾ ക്ലിക്ക് ബെയിറ്റ് ആക്കി മാറ്റുകയാണ് ചില മാധ്യമങ്ങൾ ചെയ്തത് എന്ന് വിധു അഭിപ്രായപ്പെട്ടിരുന്നു. അഭിമുഖങ്ങളുടെ ഉള്ളടക്കം മുഴുവനും ശ്രദ്ധിച്ചിരുന്നോ എന്ന വിധുവിന്റെ ചോദ്യത്തിന്, ഉള്ളടക്കം മുഴുവനായി ഞാൻ കേട്ടിട്ടുണ്ട് എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിരുന്നു. ആ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനോട് ഞങ്ങളെ എതിർ പക്ഷങ്ങളിൽ നിൽക്കുന്നവരായി ചിത്രീകരിക്കാതെ, വസ്തുതാപരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടാൻ വിധുവിനോട് ഞാൻ അപേക്ഷിക്കുകയും, അവർ സമ്മതിക്കുകയും ചെയ്തു. തുടർന്ന് വിധുവിനോട് കാര്യങ്ങളന്വേഷിക്കുകയും, സിനിമ നന്നായി ഓടുകയാണ് ഏറ്റവും പ്രധാനമെന്നും, ഉടനേ തന്നെ കാണാം എന്നും പറഞ്ഞാണ് കോൾ അവസാനിപ്പിച്ചത്. അങ്ങേയറ്റം സ്നേഹവും സൗഹാർദവും നിറഞ്ഞു നിന്ന ആ സംഭാഷണത്തിന്റെ ധ്വനി, നിർഭാഗ്യവശാൽ വിധുവിന്റെ ലെറ്റെറിൽ പറഞ്ഞു കണ്ടില്ല.

 

ALSO READ: താമസിച്ച മുറിയുടെ വാടക പോലും ഇതുവരെ നല്‍കിയില്ല; ഗീതു തെറ്റിദ്ധരിപ്പിക്കുന്നെന്ന് കോസ്റ്റ്യൂം ഡിസൈനര്‍

"സ്റ്റാൻഡ് അപ്പ്" എന്ന സിനിമയുടെ നിർമ്മാണത്തിലേക്കുള്ള വിധുവിന്റെ യാത്ര കഠിനമായിരുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാം. അവരുടെ വേദനകളെയോ, അദ്ധ്വാനത്തെയോ, സംഘർഷങ്ങളെയോ യാതൊരു വിധത്തിലും ഞാൻ റദ്ദു ചെയ്യുകയില്ല. അതിനെനിക്ക് ആവുകയുമില്ല! ബോക്സ് ഓഫീസ് വിജയങ്ങളിലും വിവാദങ്ങളിലുമൊക്കെ എന്റെ പേര് വരുന്നതിന് മുൻപ്, കരിയറിലെ ആദ്യത്തെ ഏഴു കൊല്ലം വഴികാട്ടാനോ സഹായിക്കാനോ ആരും ഇല്ലാതിരുന്ന എനിക്ക്, അതിനൊരിക്കലും സാധിക്കുകയില്ല. ഒരുപാട് വർഷങ്ങൾ മതിയായ വരുമാനമില്ലാതെ, സാമ്പത്തിക സമ്മർദ്ദങ്ങൾ അനുഭവിച്ച്, വേറെയൊരു ജോലിക്ക് വേണ്ടി അപേക്ഷിക്കണോ എന്ന ചിന്തയുമായി ഞാൻ ചിലവഴിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഞാൻ, ഈ ഇന്ഡസ്ട്രിയിലെ ആർട്ടിസ്റ്റുകളിൽ ഒരാളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ, അദ്ധ്വാനത്തെ ഒരിക്കലും വില കുറച്ചു കാണില്ല. സ്വന്തമായി കരിയറിൽ ഒരു പാത വെട്ടി തെളിക്കണം എന്നുറപ്പിച്ച്, പത്തൊമ്പതാം വയസ്സ് മുതൽ ഒറ്റക്ക് ജീവിച്ച എനിക്ക്, എവിടെയും പങ്കുവെക്കാത്ത, ഞാൻ നേരിട്ട വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും ഒരുപാട് കഥകളുണ്ട് . കളക്ടീവിന്റെ ഭാഗമായത് കൊണ്ടും, അതിലൂടെ ഞാൻ ഇടപഴകിയ സ്ത്രീകളിലൂടെയും, ഞാൻ മനസ്സിലാക്കിയ എന്റെ പ്രിവിലേജുകൾ ഉണ്ട്; അത് ഒരിക്കലും ഞങ്ങളിൽ ഓരോരുത്തരും നടന്നു താണ്ടിയ കഠിനമായ, വേദനിപ്പിക്കുന്ന, വഴികളെയൊന്നും ഒരു തരത്തിലും ഇല്ലാതാക്കുന്നില്ല. എത്ര തന്നെ വിജയങ്ങൾ നേടിയെടുത്താലും, ഏതൊക്കെ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നാലും, സിനിമ രംഗത്ത് ഞങ്ങൾ ഇന്നും രണ്ടാമത്തെ പൗരൻമാരായി തള്ളിമാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ് . ഇത് കൊണ്ട് തന്നെയാണ് ഞങ്ങളിൽ ഒരാൾ - എന്നെ ഒരു പാട് സ്വാധീനിച്ച, എന്റെ പല വിഷമഘട്ടങ്ങളിലും കൂടെ നിന്ന, ഒരു കളക്ടീവ് വേണ്ടുന്നതിനെ കുറിച്ചും, കളക്ടീവിന്റെ ഭാഗമായി നിന്ന് അതിനെ വളർത്തേണ്ടതിനെക്കുറിച്ചും, വ്യക്തമായ ധാരണകൾ ഉണ്ടാകുകയും ഉണ്ടാക്കുകയും ചെയ്ത ഒരാൾ, എന്നെക്കുറിച്ച് മറ്റാരേക്കാളും നന്നായി അറിയാവുന്ന വിധു, ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചത്, എന്നെ ഇത്രയും വേദനിപ്പിക്കുന്നത്. കാരണം എനിക്കറിയുന്ന വിധു അഭിപ്രായങ്ങളും വിയോജിപ്പുകളും, എവിടെയും ഉറച്ചു പറയാൻ മടിയില്ലാത്ത ഒരാളാണ്. അതിനാൽ തന്നെ, വിധുവിന് എന്നോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തയ്യാറാവാതെ ഇങ്ങനെ ഒരു മാർഗം തിരഞ്ഞെടുത്തത്, എന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. എന്റെ ജോലി എനിക്ക് നൽകുന്നത് ഫിലിം മേക്കേഴ്‌സാണ്. ഞാൻ അവരുടെ സമയത്തെ ഒരുപാട് ബഹുമാനിക്കുന്നു. അവരുടെ പ്രോജക്ടിന്റെ ഭാഗമാകാൻ എന്നെ സമീപിക്കുന്ന എല്ലാ ഫിലിം മേക്കേഴ്സിനോടും എനിക്ക് അഗാധമായ നന്ദിയാണ്, ആ പ്രൊജക്റ്റ് നടന്നാലും, ഇല്ലെങ്കിലും! ഓഫറുകൾ വേണ്ട എന്ന് വെക്കുന്നത് ഒരു അപമാനമായോ കുറച്ചുകാണലായോ ആർക്കെങ്കിലും തോന്നാമെന്നുള്ളത് വളരെ ആശങ്കാജനകമാണ്. ഒരിക്കലും ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത വസ്തുതയാണത്. അവർക്കെന്നെയല്ല എനിക്ക് അവരെയാണ് കൂടുതൽ ആവശ്യവുമായുള്ളത്.

ALSO READ: 'ഗീതു മോഹന്‍ദാസ് എന്ന നടിയെ പേടിക്കേണ്ട കാര്യമില്ല'; ഐഷ സുല്‍ത്താനയുടെ പ്രതികരണം

കളക്ടീവിനു മുൻപേ ഫെമിനിസത്തെ കുറിച്ചുള്ള എന്റെ കാഴ്ചപാടുകൾ വളരെ പരിമിതമായിരുന്നു. കളക്റ്റീവിൽ ഉള്ളവർ എത്രയോ തവണ എന്റെ പല രാഷ്ട്രീയ നിലപാടുകളും കൂടുതൽ ശക്തമാക്കാൻ പ്രേരിപ്പിച്ചവരും, എന്റെ ഉള്ളിലും ചുറ്റിനുമുള്ള പാട്രിയാർക്കൽ കണ്ടീഷനിങ്ങിനെ സഹാനുഭൂതിയോടെ തിരിച്ചറിയാൻ എന്നെ പ്രാപ്തരാക്കുകയും ചെയ്തവരുമാണ്. കളക്റ്റീവിന് അകത്തുള്ളവരുടെയും പുറത്തുള്ളവരുടെയും നിരന്തരമായ വിയോജിപ്പുകളും ചർച്ചകളിലൂടെയുമാണ് ഫെമിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂല്യമായ ഇന്റർസെക്ഷനാലിറ്റിയെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കുന്നത് തന്നെ. ഞങ്ങളിലാരുടെയും തൊഴിൽപരമായ ഒരു തീരുമാനത്തെയും WCCയിലെ ഒരംഗവും നിയന്ത്രിക്കാനോ ചോദ്യം ചെയ്യാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. തൊഴിലിടങ്ങളിൽ അസുഖകരമായ തീരുമാനങ്ങൾ, വ്യക്തി താല്പര്യങ്ങൾക്കപ്പുറം എടുക്കേണ്ടി വരുമ്പോൾ, അതിനെ എങ്ങനെ ഉൾക്കൊള്ളാമെന്നും, പരസ്പരം എങ്ങനെ പിന്തുണ നൽകാമെന്നും അറിയാൻ ഉള്ള സംഭാഷണങ്ങൾക്ക് കളക്ടീവ് എപ്പോഴും മുൻകൈ എടുക്കാറുണ്ട്.

ALSO READ: വിധുവിന്‍റെ വിമര്‍ശനത്തിന് കമ്യുവിന്‍റെ വരികളോ? പാര്‍വ്വതിയുടെ പ്രതികരണം

എന്റെ വിശ്വാസമിതാണ്! അധികാര മേൽക്കോയ്മകൾ സ്വാതന്ത്ര്യത്തിനും, സുരക്ഷക്കും, നിലനിൽപ്പിനും ഹാനികരമായ അതിർവരമ്പുകൾ സൃഷ്ടിക്കുമ്പോൾ, നീതിക്ക്‌ നേരെ വഴി തിരിച്ചു വിടാൻ, ലോകത്ത് എല്ലായിടത്തും ഇത് പോലുള്ള കളക്ടീവുകൾ ഉയർന്നു വരും. WCC ഇത് പോലെ ഒരു പ്രസ്ഥാനമാണ്, വ്യക്തികൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി നിലനിൽക്കുന്ന ഒരു പ്രസ്ഥാനം! അതിന്റെ നിർലോഭവും, അതിജീവനാത്മകവുമായ ശക്തിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ഞങ്ങളിൽ ഓരോരുത്തരും ഇവിടെയുള്ളത് മുന്നോട്ടുള്ള കഠിനമായ പാതക്ക് രൂപം നൽകാൻ വേണ്ടി തന്നെയാണ്. എന്റെ ഹൃദയം തുറന്ന് തന്നെ ഇരിക്കും; എന്റെ മനസ്സ് കൂടുതൽ ഉൾക്കൊള്ളാനും ഒരുമിച്ചു മുന്നോട്ടു പോകാൻ തയ്യാറായും!

click me!