വിമെന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നു രാജി വച്ച സംവിധായിക വിധു വിന്‍സെന്‍റ്, തന്‍റെ രാജിക്കു കാരണമായത് സംഘടയിലെ വരേണ്യത ഉള്‍പ്പെടെയുള്ള പ്രശ്‍നങ്ങളാണെന്ന് പ്രതികരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സംഘടനയിലെ പ്രമുഖ അംഗങ്ങള്‍ കൂടിയായ നടി പാര്‍വ്വതി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവരുടെ പേരുകളും വിധു പരാമര്‍ശിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായെങ്കിലും ഡബ്ല്യുസിസി ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവാദത്തിനു ശേഷം ഡബ്ല്യുസിസിയുടെ ലോഗോ പാര്‍വ്വതി തന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത് ശ്രദ്ധ നേടിയിരുന്നു. വിഖ്യാത ഫ്രഞ്ച് ചിന്തകന്‍ ആയിരുന്ന ആല്‍ബേര്‍ കമ്യുവിന്‍റെ വരികള്‍ക്കൊപ്പമാണ് പാര്‍വ്വതി സംഘടനയുടെ ലോഗോ പങ്കുവച്ചത്. എന്നാല്‍ സംഘടനയിലെ ഒരു പ്രമുഖ വ്യക്തി ഗുരുതര ആരോപണം ഉയര്‍ത്തി പുറത്തുപോകുമ്പോള്‍ ഇത്തരത്തില്‍ പരോക്ഷമായാണോ പ്രതികരിക്കുന്നതെന്ന് നിരവധി പേര്‍ വിമര്‍ശനവുമായെത്തി. ഇന്‍സ്റ്റഗ്രാമില്‍ അത്തരത്തിലുള്ള പല വിമര്‍ശനങ്ങള്‍ക്കും പാര്‍വ്വതി മറുപടി നല്‍കിയിട്ടുണ്ട്.

ഇത് വ്യക്തിപരമായ കാര്യങ്ങളല്ല എന്നതിനാല്‍ പാര്‍വ്വതി അടക്കമുള്ളവര്‍ ഡബ്ല്യുസിസിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് വ്യക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നായിരുന്നു ഒരാളുടെ പ്രതികരണം. സംഘടനയുടെ തുടക്കം മുതല്‍ നിങ്ങളെ പിന്തുണയ്ക്കുന്ന ആയിരങ്ങളുണ്ടെന്നും വിശദീകരണം നല്‍കാത്തപക്ഷം മലയാളസിനിമയിലെ വനിതകളോട് ചെയ്യുന്ന അനീതിയാവുമെന്നും ഇതേയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ചര്‍ച്ച ചെയ്‍തും വ്യക്തത വരുത്തിയുമാണ് ഡബ്ല്യുസിസി കടന്നുവന്നിട്ടുള്ളതെന്നും എന്നാല്‍ പൊതുമധ്യത്തിലല്ല ആ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതെന്നുമായിരുന്നു പാര്‍വ്വതിയുടെ മറുപടി. പൊതുജനമധ്യത്തില്‍ പരസ്‍പരം ചെളിവാരിയെറിയാന്‍ തങ്ങള്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും.

എന്നാല്‍ വിധു ഉയര്‍ത്തിയ വിമര്‍ശനം സംഘടനയ്ക്കുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കരുതുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകത്തിനുവേണ്ടി നിലകൊള്ളുന്ന സംഘടനയായാണ് ഡബ്ല്യുസിസിയെ കണ്ടിരുന്നതെന്നും സിനിമയുമായി ബന്ധമൊന്നുമില്ലാത്ത സ്ത്രീകളും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്നും ഇതേയാള്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗം, ജാതി തുടങ്ങിയ കാര്യങ്ങളെ അഭിസംബോധന ചെയ്യാതെ ലിംഗരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും. 

ഈ വിമര്‍ശനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം. വിമര്‍ശനങ്ങളെ കണ്ടില്ലെന്നും നടിക്കുകയോ നിശബ്ദരാവുകയോ അല്ല ചെയ്യുന്നതെന്നും സംഘടനയുടെ ഔദ്യോഗിക പ്രതികരണം ഉടന്‍ വരുമെന്നും പാര്‍വ്വതി കുറിച്ചു. "ഞങ്ങള്‍ ഇത് (വിധു ഉയര്‍ത്തിയ ആരോപണങ്ങള്‍) വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സംഘടനയുടെ പ്രതികരണം വൈകാതെ എത്തും. ഈ ചിന്തകളെ ഞങ്ങള്‍ വളരെ വിലമതിയ്ക്കുന്നുണ്ട്. ഈ ആരോപണങ്ങള്‍ ഗൗരവമുള്ളതുമാണ്. അവ എങ്ങോട്ടെങ്കിലും തട്ടിമാറ്റി മിണ്ടാതിരിക്കില്ല. ഞങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കും വിമര്‍ശനത്തിലൂടെ വളരണമെന്നാഗ്രഹിക്കുന്ന ഞങ്ങള്‍ക്കും ഇതൊരു നിര്‍ണായക സന്ദര്‍ഭമാണ്", ഇന്‍സ്റ്റഗ്രാമില്‍ പാര്‍വ്വതി കുറിച്ചു.