Asianet News MalayalamAsianet News Malayalam

താങ്ങും തണലുമായി നില്‍ക്കുന്നത് ഫെഫ്ക; ഡബ്ല്യുസിസിക്കെതിരെ ആരോപണവുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍

ഡബ്ല്യുസിസിയുടെ പ്രാധാന ഭാരവാഹികളിലൊരാളായ സംവിധായികയുടെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ മാറ്റി നിര്‍ത്തിയെന്നും സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റെഫി പറയുന്നു. സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് താങ്ങും തണലുമാകുന്നത് ഫെഫ്കയാണെന്നും സ്റ്റെഫി

Costume designer Stephy Xavior against WCC and backs FEFCA
Author
Kochi, First Published Jul 6, 2020, 9:28 PM IST

കൊച്ചി: മലയാള സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് സങ്കടകരമാണെന്ന് സ്റ്റെഫി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഡബ്ല്യുസിസിയുടെ പ്രധാന ഭാരവാഹികളിലൊരാളായ സംവിധായികയുടെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ മാറ്റി നിര്‍ത്തിയെന്നും സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റെഫി പറയുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് താങ്ങും തണലുമാകുന്നത് ഫെഫ്കയാണെന്നും സ്റ്റെഫി ഫേസ്ബുക്ക കുറിപ്പില്‍ വിശദമാക്കുന്നു. സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടതെന്നും സ്റ്റെഫി ഡബ്ല്യുസിസിയെ വിമര്‍ശിക്കുന്നു. 

 

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

 

2017ൽ, WCCയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യും ചെയ്യാൻ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാൻ റെമ്യുണറേഷൻ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് " എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാൻ വ്യക്തമായി ഓർക്കുന്നു.

അതോടൊപ്പം എന്റെ അസിസ്റ്റന്റ്സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് WCC നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്.

സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്.

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്‍റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് ഞങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോൾ, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണൻ സാറാണ്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം...

വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

2015 ല്‍ എന്‍റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന്‍ സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.

Follow Us:
Download App:
  • android
  • ios