
പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഡ്യൂഡ്' നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിർവ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗൺ' സിനിമകളും പ്രേക്ഷകരേവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി ഏവരും അക്ഷമയോടെ കാത്തിരിക്കുകയാണ്.
ഡ്യൂഡിന്റെ പ്രമോഷൻ പരിപാടിക്കിടെ പ്രദീപ് രംഗനാഥൻ മമിതയുടെ കവിളിൽ പിച്ചുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമയിലെ ഒരു രംഗം റീ ക്രിയേറ്റ് ചെയ്തതാണ് ഇരുവരും. ചിത്രത്തിലെ ഡയലോഗായ 'ഇതത്ര ക്യൂട്ട് അല്ല' എന്ന് മമിത പറയുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.