വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന 'പ്രകമ്പനം' ജനുവരി 30-ന് റിലീസ് ചെയ്യും. ഗണപതിയും സാഗർ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, ഒരു ഹൊറർ കോമഡി എന്റർടെയ്നറാണ്. കലാഭവന്‍ നവാസിന്‍റെ അവസാന ചിത്രം കൂടിയാണിത്. 

ഹാസ്യവും ഹൊററും ഒരേ ഫ്രെയിമിൽ ചേർത്ത് ഒരുക്കിയ ‘പ്രകമ്പനം’ റിലീസിന് ഇനി വെറും നാല് ദിവസം മാത്രം. ചിത്രം ജനുവരി 30 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘പ്രകമ്പനം’. ‘പണി’ എന്ന ചിത്രത്തിലൂടെ ശക്തമായ വില്ലൻ കഥാപാത്രമായി ശ്രദ്ധ നേടിയ സാഗർ സൂര്യയും, സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ ആരാധകരുടെ പ്രിയങ്കരനായ ഗണപതിയും ഒന്നിക്കുന്നതോടെ ചിത്രത്തോടുള്ള പ്രതീക്ഷകൾ വളരെ കൂടുതലാണ്.

അടുത്തിടെ പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും ഒരുമിച്ച് നിറഞ്ഞ ഈ ട്രെയിലർ, സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാക്കിയി‍ട്ടുണ്ട്. കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഈ ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്നർ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് സിനിമയായിരിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് ‘പ്രകമ്പനം’ ലക്ഷ്യമിടുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക.

നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘നദികളിൽ സുന്ദരി’യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതം: ബിബിൻ അശോക്. പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ. ഛായാഗ്രഹണം: ആൽബി ആന്റണി. എഡിറ്റിംഗ്: സൂരജ് ഇ. എസ്. ആർട്ട് ഡയറക്ഷൻ: സുഭാഷ് കരുൺ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ‌

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming