
കൊച്ചി: ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എം രഞ്ജിത്തിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. സുരേഷ് കുമാറിന്‍റെയും എം രഞ്ജിത്തിന്‍റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിൽ നിന്ന് ഹസീബ് ഹനീഫ് ഒഴികെ ബാക്കിയെല്ലാവരും വിജയിച്ചു. എതിർപക്ഷത്തുണ്ടായിരുന്ന വിനയൻ പാനലിൽ നിന്ന് വിജയിച്ചത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിൻ സ്റ്റീഫൻ മാത്രമാണ്.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എം രഞ്ജിത്തിന് 162 വോട്ട് കിട്ടി. എതിർത്ത് മത്സരിച്ച, സംവിധായകൻ കൂടിയായ വിനയന് 94 വോട്ടാണ് കിട്ടിയത്. അഞ്ചര വർഷത്തിന് ശേഷമാണ് ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2014-ലാണ് ജി സുരേഷ് കുമാര്‍ പ്രസിഡന്‍റും എം രഞ്ജിത് സെക്രട്ടറിയുമായുള്ള ഭരണസമിതി അധികാരത്തിലേറിയത്. രണ്ടു വര്‍ഷമായിരുന്നു ഭരണസമിതിയുടെ കാലാവധി. 2016-ൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാൽ ഭരണ സമിതി ഇതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് ഒരു വിഭാഗം കോടതിയെ സമീപിച്ചു.
ഇത് പരിഗണിച്ച ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ സെക്രട്ടറി എം രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിച്ചത് വിനയൻ നേതൃത്വം നൽകുന്ന പാനലാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുമ്പ് ഇരുവിഭാഗവും ചർച്ചാ വിഷയമാക്കിയിരുന്നു.
അംഗങ്ങളുടെ മള്‍ട്ടിപ്പിള്‍ വോട്ടും നിലനിര്‍ത്താനായത് വലിയൊരു നേട്ടമായി ഇപ്പോഴത്തെ ഭരണ സമിതി ഉയർത്തിക്കാട്ടിയിരുന്നു. മള്‍ട്ടിപ്പിള്‍ വോട്ടിനെതിരെ ആക്ഷേപമുന്നയിച്ച് കോടതിയെ സമീപിച്ചവരാണ് തെരഞ്ഞെടുപ്പ് വൈകിച്ചതിന്‍റെ ഉത്തരവാദികളെന്നും ഇവർ ആരോപിക്കുന്നു.
അംഗത്തിന് എത്ര നിർമാണ കമ്പനികളുണ്ടോ അതനുസരിച്ച് അത്രയും എണ്ണം വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ് മൾട്ടിപ്പിൾ വോട്ട്. ആസ്ഥാന മന്ദിരം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് എതിര്‍വിഭാഗത്തിന്‍റെ ആരോപണം. ഏഴ‌് ഭാരവാഹികളെയും 14 അംഗ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയെയുമാണ‌് നേരിട്ടുള്ള വോട്ടെടുപ്പിൽ തെരഞ്ഞെടുത്തത്. രാവിലെ ജനറൽ ബോഡിക്കു ശേഷം ഉച്ച കഴിഞ്ഞായിരുന്നു വോട്ടെടുപ്പ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ