
പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെയാവും രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ്. എന്നാല്‍ ഇതൊരു ഫീച്ചര്‍ ചിത്രത്തിനുവേണ്ടി അല്ലെന്നു മാത്രം. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് രഞ്ജിത്ത് ചലച്ചിത്ര രൂപം പകരുക. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ മാസം പകുതിയോടെ ചിത്രീകരണം ആരംഭിച്ചേക്കും.
എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളാണ് ആന്തോളജിയില്‍ പ്രിയദര്‍ശന്‍ ഒരുക്കുന്നത്. ഒന്ന് ശിലാലിഖിതം എന്ന കഥയും മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ഓളവും തീരവും എന്ന ചിത്രത്തിന്‍റെ റീമേക്കുമാണ്. ശിലാലിഖിതത്തില്‍ ബിജു മേനോനും ഓളവും തീരത്തില്‍ മോഹന്‍ലാലുമാണ് നായകന്മാര്‍.
ALSO READ : ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി; റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നു
'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയ'ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അശ്വതി സംവിധാനം ചെയ്യുന്ന വില്‍പ്പനയില്‍ ആസിഫ് അലിയും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.