
മുംബൈ: ഷാരൂഖ് ഖാന്‍റെ ഡങ്കിയും പ്രഭാസിന്‍റെ സലാറും റിലീസ് ആകുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതേ സമയം പ്രഭാസ് നായകനായ ചിത്രത്തിന് ഇപ്പോള്‍ സെൻസർ ബോർഡ് സർട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്.
പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് 'എ' റേറ്റിംഗ് നൽകിയതായി കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ പ്രഭാസ് ജനപ്രിയനായതിനാല്‍ തന്നെ ഈ റേറ്റിംഗ് അല്‍പ്പം ആശ്ചര്യം സിനിമ ലോകത്ത് ഉണ്ടാക്കിയിട്ടുണ്ട്.
ചിത്രത്തിലെ വയലന്‍സ് രംഗങ്ങളില്‍ ഒന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാൻ സംവിധായകനോ നിര്‍മ്മാതാക്കളോ തയ്യാറായില്ല എന്നതാണ് ‘എ’ റേറ്റിംഗിൽ കാരണമായത് എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാല്‍ മുന്‍പ് എ സര്‍ട്ടിഫിക്കറ്റ് സിനിമകളെക്കുറിച്ചുള്ള സിനിമ രംഗത്തെ ബിസിനസ് കാഴ്ചപ്പാടുകൾ സമീപ വര്‍ഷങ്ങളില്‍ മാറിയിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് ബോക്സോഫീസ് സാധ്യതകൾ പരിമിതപ്പെടുത്തും എന്ന ധാരണയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കബീർ സിംഗ്, ദി കാശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങളും ഈ വര്‍ഷത്തെ അത്ഭുത വിജയമായ അനിമലും ഈ ധാരണകളെ മാറ്റി.
അനിമലിന്‍റെ വന്‍ വിജയം എ സര്‍ട്ടിഫിക്കറ്റില്‍ തുടരാന്‍ സലാര്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം അനിമല്‍ എ സര്‍ട്ടിഫിക്കറ്റുമായി എത്തി വലിയ റെക്കോഡാണ് നേടിയത്. ‘എ’ റേറ്റിംഗിൽ റിലീസായി ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡാണ് അനിമല്‍ ഇട്ടത്.
63.80 കോടിയാണ് അനിമല്‍ ഒന്നാം ദിനം നേടിയത്. ബോളിവുഡിലെ ഏറ്റവും വലിയ എട്ടാമത്തെ വലിയ ബോക്സോഫീസ് ഓപ്പണിംഗ് ആയിരുന്നു ഇത്. എന്തായാലും ചിത്രം ഇപ്പോള്‍ 700 കോടി ക്ലബ് കടന്ന് 800 ലേക്ക് കുതിക്കുകയാണ്.
അതേ സമയം സലാര്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രണ്‍ബീര്‍ ചിത്രം ഇട്ട റെക്കോഡ് തകര്‍ക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ചിത്രത്തിന്‍റെ പ്രമോഷനോടുള്ള പ്രതികരണവും പ്രഭാസിന്റെ താരമൂല്യവും കണക്കിലെടുത്താൽ, സലാറിന് വലിയ തുടക്കം ലഭിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് കൂട്ടല്‍. ഡങ്കിയുമായി ക്ലാഷ് ഉണ്ടായാലും ആദ്യ ദിവസം 70-75 കോടി കളക്ഷന്‍ സാധ്യത സലാറിനുണ്ടെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ രണ്‍ബീറിന്‍റെ 'എ' റേറ്റിംഗ് റെക്കോഡ് ആഴ്ചകള്‍ക്കുള്ളില്‍ തകരാനുള്ള സാധ്യതയാണ് കാണുന്നത്.
"ഇന്ത്യൻ സിനിമയിൽ ഇത് ചരിത്രമായി മാറും": ഷാരൂഖിന്‍റെ ഡങ്കിയുടെ ആദ്യ റിവ്യൂ എത്തി.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ