റിലീസ് തീയതി അടുക്കുന്തോറും ആരാധകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെതായി പുറത്തുവരുന്ന ഒരോ പ്രമോഷന്‍ മെറ്റീരിയലും.
മുംബൈ: പഠാനിലൂടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയത്. അതിന് പിന്നാലെ എത്തിയ ജവാനും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് ബോക്സോഫീസിന്‍റെ കിംഗ് ഖാന്‍ ആരാണെന്ന് തെളിയിച്ചു.അടുത്തതായി ഈ വര്‍ഷം മറ്റൊരു 1000 കോടി ക്ലബ് പ്രതീക്ഷിച്ചാണ് ഷാരൂഖ് ഖാന്‍റെ ഡങ്കി എത്തുന്നത്.
റിലീസ് തീയതി അടുക്കുന്തോറും ആരാധകർക്കിടയിൽ ആവേശം വർദ്ധിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെതായി പുറത്തുവരുന്ന ഒരോ പ്രമോഷന്‍ മെറ്റീരിയലും. അതിനൊപ്പം തന്നെ ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്ക് ചിത്രങ്ങള്‍ ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയും ഷാരൂഖും ഒന്നിക്കുന്നു എന്നത് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വനോളം ഉയര്‍ത്തുന്നുണ്ട്.
അതേ സമയം ചിത്രം ഇതിനകം കണ്ട ചില ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മൂവി ഹാന്‍റിലുകള്‍ അണ്‍ ഒഫീഷ്യല്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത് പ്രകാരം മികച്ച പൊസറ്റീവ് റിപ്പോര്‍ട്ടാണ് ചിത്രത്തിന്.
തിങ്കളാഴ്ച എന്‍റര്‍ടെയ്മെന്‍റ് പോര്‍ട്ടലായ മൂവി ഹബ് എക്സ് അക്കൌണ്ടിലാണ് ഡങ്കിയെക്കുറിച്ച് ഒരു ഹ്രസ്വമായ റിവ്യൂ നല്‍കിയിട്ടുണ്ട് 5 സ്റ്റാര്‍ ആണ് ഈ റിവ്യൂവില്‍ മൂവി ഹബ് നല്‍കിയിരിക്കുന്നത്.
"ഇന്‍സൈഡര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്കുമാർ ഹിരാനിയുടെ കഥപറച്ചില്‍ രീതിയിലെ ഒരു മാസ്റ്റര്‍ പീസാണ് ഡങ്കി. രാജ് സാർ ഈ സിനിമ നിർമ്മിച്ച രീതിയില്‍ ഒരു ചിത്രം ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ല. ഒരു നടനെന്ന നിലയിൽ ഷാരൂഖ് ഖാന്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു" -ഈ എക്സ് പോസ്റ്റ് റിവ്യൂവിന്‍റെ ആദ്യ ഭാഗത്ത് പറയുന്നു.
"ചിത്രത്തിന്‍റെ ഒന്നാം പകുതിയില്‍ ഡങ്കിയുടെ ലണ്ടനിലേക്കുള്ള യാത്രയെക്കുറിച്ചാണ് പറയുന്നത്. കഥാപാത്രങ്ങളോടും കഥയോടും ഹാസ്യം, പ്രണയം, പ്രണയം, സൗഹൃദം എന്നിവയുമായി ഇത് നിങ്ങളെ വളരെ ആഴത്തിൽ ബന്ധിപ്പിക്കും. രണ്ടാം പകുതിയാണ് നിങ്ങളെ ആഴത്തിൽ കരയിപ്പിക്കുന്ന പ്രധാന ഭാഗം. ഒരു പ്രൊമോഷണൽ മെറ്റീരിയലിലും ഇതുവരെ പുറത്തുവിടാത്ത രംഗങ്ങള്‍ ഈ ഭാഗത്തുണ്ട്. ഇത് ഇന്ത്യൻ സിനിമയിൽ ചരിത്രമായി മാറും" - റിവ്യൂ പറയുന്നു.
എങ്ങനെ ഈ റിവ്യൂ നിങ്ങള്‍ക്ക് ലഭിച്ചു എന്ന ചോദ്യം പല എക്സ് ഉപയോക്താക്കളും ഉയര്‍ത്തിയപ്പോള്‍ അതിനും ഈ പോര്‍ട്ടല്‍ മറുപടി നല്‍കുന്നുണ്ട്. "ഇന്ത്യയിലെ വിതരണക്കാർക്കായി 2 ദിവസം മുമ്പ് ഡങ്കിയുടെ പ്രത്യേക സ്‌ക്രീനിംഗ് നടത്തി. ഈ റിവ്യൂവിലെ വിവരങ്ങള്‍ അതില്‍ പങ്കെടുത്ത പ്രമുഖ വിതരണക്കാരനില്‍ നിന്നാണ്" എന്നായിരുന്നു മൂവി ഹബ് വിശദീകരണം.
