
സാന്ത്വനം വീട്ടിലെ എല്ലാവരും തമ്മില്‍ തല്ലിപ്പിരിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് തമ്പിയും മറ്റും. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടായി ശിവനും അഞ്ജലിയും വീട് വിട്ടിറങ്ങിയതോടെ, തന്റെ പദ്ധതികളെല്ലാം നന്നായി നടന്നെന്നാണ് തമ്പി കരുതിയത്. നൂല്കെട്ടിന് സാന്ത്വനം വീട്ടിലേക്ക് പോകുമ്പോള്‍ എല്ലാവരെയും മോശപ്പെടുത്തി കുറച്ച് ചോദ്യങ്ങള്‍ ചോദിക്കണമെന്നും മറ്റും തമ്പി കരുതിയിരുന്നു. എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായാണ് ശിവാഞ്ജലിയെ കണ്ടെത്തുന്നത്. ഇരുവരെയും കണ്ടെത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടെങ്കിലും ദേവിക്കും മറ്റും ആകെ പരിഭവമാണ്. വീട് വിട്ട് ഇറങ്ങുന്നതിന് മുന്‍പ് പറയേണ്ടിയിരുന്നെന്നും ഒന്നും തുറന്ന് പറയാന്‍ പറ്റാത്ത ആളുകളായാണല്ലോ തങ്ങളെ കണ്ടെതെന്നുമാണ് എല്ലാവരുടേയും പരിഭവം.
വീണ്ടും ശിവനെയും അഞ്ജലിയെയും കണ്ടുമുട്ടിയ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാം. ഇവര്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. അതുകൊണ്ടുതന്നെ അവര്‍ ജീവനോടെ തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രത്യക്ഷത്തില്‍ തന്നെയുണ്ട്. വീട്ടില്‍ വന്ന് കയറി ശിവന്‍ എല്ലാവരോടും മാപ്പ് പറയുന്നുണ്ട്. ഹരിക്കും അപ്പുവിനും ആയിരിക്കും തങ്ങളോട് ഏറ്റവും ദേഷ്യമെന്നായിരുന്നു ശിവനും അഞ്ജലിയും കരുതിയിരുന്നത്. കാരണം അവര്‍ ബിസിനസ് തുടങ്ങാനായി പണം ചോദിച്ചപ്പോഴാണല്ലോ ശിവന്റെയും അഞ്ജലിയുടെയും കള്ളങ്ങളെല്ലാം പൊളിഞ്ഞത്. എന്നാല്‍ മടങ്ങിവന്ന ശിവനോട് ലക്ഷ്മിയമ്മ പറയുന്നത്, അപ്പു കുഞ്ഞിനെപ്പോലും നോക്കാതെ ഇത്രനേരം നിങ്ങളെയോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു എന്നാണ്. അത് കേട്ടതോടെ അഞ്ജു അപ്പുവിനെ കെട്ടിപ്പിടിച്ച് കരയുന്നു. ദേവിയാണെങ്കില്‍ ആകെ പരിഭവത്തോടെ ആ സമയം മാറി നില്‍ക്കുകയായിരുന്നു.
ശിവനും അഞ്ജലിക്കും പറ്റിയ അബദ്ധം നമ്മള്‍ വീട്ടുകാര്‍ എല്ലാവരും ഒന്നിച്ച് മറികടക്കുമെന്നാണ് ബാലന്‍ എല്ലാവരോടുമായി പറഞ്ഞത്. കൂടെ ഹരിയുടെ പുതിയ പ്രശ്‌നത്തിനായുള്ള വഴിയും നമ്മള്‍ കാണുമെന്നും ബാലന്‍ പറയുന്നുണ്ട്. തന്റെ പുതിയ ബിസിനസ് സംരംഭം തുടങ്ങാനുള്ള പണത്തിനായുള്ള കാത്തിരിപ്പാണല്ലോ ഹരിയുടേത്. അതുകൊണ്ടുതന്നെ ബാലേട്ടന്റെ ആ വാക്കുകള്‍ ഹരിയെ തെല്ലൊന്ന് സമാധാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബാലന്റെ വാക്കുകള്‍ ഒരു കരിങ്കല്ലെടുത്ത് നെഞ്ചില്‍ വച്ചതുപോലെയാണ് ശിവന് തോന്നുന്നത്. അതുകൊണ്ടുതന്നെ മുറിയിലെത്തിയ ശിവനും അഞ്ജലിയും കുറ്റബോധം കാരണം തലകുനിച്ചാണ് ഇരിക്കുന്നത്. തങ്ങളാല്‍ ആകുന്നതുപോലെ ഇനി കുടുംബത്തെ സഹായിക്കണം എന്ന് പറയുന്ന ശിവനെയും നാളത്തെ നൂലുകെട്ടിനുള്ള ഒരുക്കങ്ങളെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കുവെക്കുന്ന ബാലനെയും കാണിച്ചാണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. നാളെ കുഞ്ഞിന്‍റെ നൂല്കെട്ടാണ്. സാന്ത്വനത്തിലെ വിശേഷങ്ങളെല്ലാമറിഞ്ഞ തമ്പി നാളെ വീട്ടിലേക്ക് വരുമ്പോള്‍ എന്ത് സംഭവിക്കും എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക