ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം
തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുള്ള അടുത്ത വന്‍ റിലീസ് ആണ് ജയിലര്‍. രജനിക്കൊപ്പം മോഹന്‍ലാല്‍, ജാക്കി ഷ്രോഫ്, ശിവ രാജ്‍കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന അടക്കമുള്ള വലിയ താരനിര, നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനം, സണ്‍ പിക്ചേഴ്സിന്‍റെ നിര്‍മ്മാണം തുടങ്ങിയ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്നത്. ഏത് രജനികാന്ത് ചിത്രത്തിനും പ്രീ റിലീസ് ഹൈപ്പ് ഉണ്ടാവാറുണ്ടെങ്കിലും ജയിലറിന് അതില്‍ കവിഞ്ഞ ഒരു പ്രേക്ഷകശ്രദ്ധയുണ്ട്. കബാലിക്കും പേട്ടയ്ക്കുമൊക്കെ ലഭിച്ചതുപോലെ. ദിവസങ്ങള്‍ക്കപ്പുറം റിലീസിനെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായം ഇപ്പോഴിതാ പുറത്തെത്തിയിരിക്കുകയാണ്. മറ്റാരുമല്ല ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇത് പങ്കുവച്ചിരിക്കുന്നത്.
വാക്കുകളൊന്നുമില്ലാതെ ഇമോജികളിലൂടെയാണ് അനിരുദ്ധിന്‍റെ ട്വീറ്റ്. ജയിലര്‍ എന്ന പേരിനുശേഷം മൂന്ന് തരം ഇമോജികളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. വെടിക്കെട്ടിനെ സൂചിപ്പിക്കുന്നത്, ട്രോഫി, കൈയടി എന്നിങ്ങനെയാണ് ഇമോജികള്‍. ജയിലറിന്‍റെ ആദ്യ റിവ്യൂ എന്ന പേരില്‍ പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ചിത്രത്തിന്‍റെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലുമെല്ലാം ഈ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം 11,000 ല്‍ അധികം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. വിക്രത്തിന് ശേഷം അടുത്തകാലത്ത് അനിരുദ്ധ് വലിയ പബ്ലിസിറ്റി കൊടുക്കുന്ന ചിത്രമാണ് ജയിലറെന്ന് ട്വിറ്ററില്‍ അഭിപ്രായം ഉയരുന്നുണ്ട്. ഇത് വലിയ പ്രതീക്ഷയാണ് പകരുന്നതെന്നും ആരാധകര്‍ പറയുന്നു.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ഇത്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ജയിലറിലൂടെ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
