ഷെയ്ൻ വെയില്‍ പൂര്‍ത്തിയാക്കും, ഇനി വേണ്ടത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അനുമതി

By Web TeamFirst Published Dec 30, 2019, 9:39 AM IST
Highlights

വെയിലിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്ന് സംവിധായകനെ അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി കിട്ടിയാൽ ഉടൻ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്നിന്റെ മാനേജര്‍ 

കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ സജീവം. വെയിൽ സിനിമയുടെ സംവിധായകൻ ശരത്ത് ഷെയ്നിന്റെ മാനേജറുമായി ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ തയ്യാറാണെന്ന്  സംവിധായകനെ അറിയിച്ചതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി കിട്ടിയാൽ ഉടൻ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്നിന്റെ മാനേജര്‍ വ്യക്തമാക്കി. 

നിര്‍മ്മാതാക്കള്‍ മനോരോഗികളെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവമാകുന്നത്. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് നീങ്ങുമെന്നാണ് വിവരം. ജനുവരി 9ന് കൊച്ചിയിൽ ചേരുന്ന 'അമ്മ' നിർവാഹക സമ്മിതി യോഗത്തിൽ ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യും. യോഗത്തിലേക്ക് ഷെയ്ൻ നിഗത്തിനെ വിളിപ്പിക്കും. ഇതിന് ശേഷം നിർമ്മാതാക്കളുമായി 'അമ്മ' ചർച്ച നടത്തും. 

ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും സജീവമാകുന്നു; ഷെയ്നിനെ 'അമ്മ' യോഗത്തിലേക്ക് വിളിപ്പിക്കും

ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിലും വെയിൽ , കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിലും ഷെയ്നിന്‍റെ കയ്യിൽ നിന്ന് 'അമ്മ' ഉറപ്പ് വാങ്ങും. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബർ 22ന് തീരുമാനിച്ചിരുന്ന നിർവാഹകസമിതിയോഗം മോഹൻലാൽ സ്ഥലത്തില്ലാത്തതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം വിവാദപരാമര്‍ശം നടത്തിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്‍റെ പരാമര്‍ശം. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി താരം സിനിമകളില്‍ ഒന്നും അഭിനയിക്കുന്നില്ല.

 

click me!