ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിലും വെയിൽ , കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിലും ഷെയ്നിന്‍റെ കയ്യിൽ നിന്ന് 'അമ്മ'ഉറപ്പ് വാങ്ങും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന.

കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനുവരി 9ന് കൊച്ചിയിൽ ചേരുന്ന 'അമ്മ' നിർവാഹക സമ്മിതി യോഗത്തിൽ ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യും. യോഗത്തിലേക്ക് ഷെയ്ൻ നിഗത്തിനെ വിളിപ്പിക്കും. ഇതിന് ശേഷം നിർമ്മാതാക്കളുമായി 'അമ്മ' ചർച്ച നടത്തും. 

ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിലും വെയിൽ , കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിലും ഷെയ്നിന്‍റെ കയ്യിൽ നിന്ന് 'അമ്മ'ഉറപ്പ് വാങ്ങും. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബർ 22ന് തീരുമാനിച്ചിരുന്ന നിർവാഹകസമിതിയോഗം മോഹൻലാൽ സ്ഥലത്തില്ലാത്തതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. 

പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞതോടെയാണ് ചർച്ചയ്ക്ക് വഴി തെളിഞ്ഞത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്കും കത്ത് നല്‍കിയിരുന്നു.
തന്റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നുമാണ് ഷെയിൻ കത്തിൽ പറഞ്ഞിരുന്നത്. 

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം വിവാദപരാമര്‍ശം നടത്തിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഷെയ്ന്‍റെ പരാമര്‍ശം. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി താരം സിനിമകളില്‍ ഒന്നും അഭിനയിക്കുന്നില്ല.