
നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം.
ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്. തന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ വ്യക്തമാക്കി. വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ആദ്യമായി പങ്കെടുത്ത സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരത്തിന്റെ ഏറ്റുപറച്ചില്‍. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
താൻ ഏറെ ആരാധിച്ച വ്യക്തിയിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ അനുഭവം ഞെട്ടിച്ചതുകൊണ്ടാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് നടി വ്യക്തമാക്കി. ഷൈനിന്റെ മാറ്റം കാണുമ്പോൾ ബഹുമാനമെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.എന്നാൽ, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്. പോലീസിൽ പരാതി നൽകിയില്ലെങ്കിലും താര സംഘടനയായ അമ്മയുടെ ഇന്റേണൽ കമ്മിറ്റി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക