'വിവാദ ഗാനം കച്ചവടത്തിനു വേണ്ടിയോ?', ജോസ് തോമസിന് മറുപടിയുമായി 'ഭാരത സര്‍ക്കസ്' സംവിധായകൻ

By Web TeamFirst Published Dec 8, 2022, 2:12 PM IST
Highlights

ജോസ് തോമസ് തന്നെയാണ് തന്റെ വീഡിയോയിലൂടെ സോഹന്റെ മറുപടി പുറത്തുവിട്ടത്.

സോഹൻ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഭാരത സര്‍ക്കസ്'. ബിനു പപ്പു, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും' എന്ന ഗാനം ചിത്രത്തിന് വേണ്ടി റീമിക്സ് ചെയ്‍തത് ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു. വിവാദ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചതിന്റെ സാംഗത്യത്തെ ചോദ്യം ചെയ്‍ത് രംഗത്ത് എത്തിയ സംവിധായകൻ ജോസ് തോമസിന് സോഹൻ നല്‍കിയ മറുപടിയും പുറത്തുവന്നിരിക്കുകയാണ്.

'ഭാരത സര്‍ക്കസി'ലെ വിവാദ ഗാനത്തെ കുറിച്ച് ഒരു വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. എന്തുകൊണ്ടാണ് വിവാദ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്ന് സംശയമുന്നയിക്കുകയാണ് വീഡിയോയില്‍ ജോസ് തോമസ്. ഇതിന് സോഹൻ നല്‍കിയ മറുപടി വീഡിയോയില്‍ ജോസ് തോമസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ഒരു സിനിമയില്‍ 'പൊലയാടി മക്കളേ' എന്ന് പറഞ്ഞപ്പോള്‍ സെൻസര്‍ ചെയ്‍ത് കിട്ടിയില്ല എന്ന് വ്യക്തമാക്കിയ ജോസ് തോമസ് അത് ശകാര വാക്കല്ലേയെന്നും ചോദിക്കുന്നു. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണോ അതോ കേരളത്തിന്രെ പഴയ ചരിത്രമാണോ കഥ, ഇപ്പോ കേരളത്തില്‍ ജാതി തിരിച്ചൊന്നും ആരും സംസാരിക്കാറില്ല എന്നും ജോസ് തോമസ് പറയുന്നു. കച്ചവട മനസോടെയാണോ കവിത താങ്കളുടെ ചിത്രത്തില്‍ ഉപയോഗിച്ചത് എന്നും സോഹൻ സീനുലാലിനോടായി ജോസ് തോമസ് ചോദിക്കുന്നു. സിനിമയുടെ കഥയുമായി ബന്ധമുള്ള ഒരു കവിതയാണ് എന്നാണ് സോഹൻ സീനു ലാല്‍ മറുപടി നല്‍കിയത്. അത് എന്റെ ആവിഷ്‍കാര സ്വാതന്ത്യത്തിന്റ ഭാഗമല്ലേ എന്നും സോഹൻ ചോദിക്കുന്നു. സിനിമ ഓടാൻ വേണ്ടിയാണ് എടുക്കുന്നത്. സിനിമയ്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് കച്ചവടത്തിന് വേണ്ടിയാണോ എന്ന് താങ്കളെ പോലുള്ളവര്‍ പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ അല്ലേ ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങള്‍ തീരുമാനിക്കട്ടേ ഇത് ഉള്‍പ്പെടുത്താമോ വേണ്ടയോ എന്നതൊക്കെ. നമ്മള്‍ സെൻസര്‍ അതുപോലുള്ള കാര്യങ്ങളിലേക്കൊക്കെ പോകണമോ എന്നും സോഹൻ ചോദിക്കുന്നു. സിനിമ ആദ്യ ദിവസം തന്നെ താൻ കാണുമെന്നും പ്രമോഷനു വേണ്ടി ഉണ്ടാക്കിയതാണോ കഥ ആവശ്യപ്പെടുന്നതാണോ എന്നും പരിശോധിക്കുമെന്ന് ജോസ് തോമസും വീഡിയോയില്‍ പറയുന്നു.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന 'ഭാരത സർക്കസി'ന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. എം എ നിഷാദ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്‍ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു. അനൂജ് ഷാജിയാണ് ചിത്രം നിര്‍മിക്കുന്നത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ബിനു കുര്യൻ ഛായാഗ്രഹണവും ബിജിബാൽ സംഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- ബി കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം- അരുണ്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്‌സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ് ലിയോഫിൽ, പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിംഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിംഗ്- ഒബ്‌സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

Read More: പ്രമുഖ കോമഡി താരം ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു

click me!