
71-മത് ദേശീയ പുരസ്‌കാര വേദിയിൽ തിളങ്ങി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ബോളിവുഡ് താരം റാണി മുഖർജി. ദില്ലിയില്‍ വച്ചാണ് പുരസ്‌കാര വിതരണം നടന്നത്. മിസിസ്സ്. ചാറ്റർജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിൽ റാണി മുഖർജിയെ തേടി ആദ്യമായി ദേശിയ പുരസ്‌കാരം എത്തുന്നത്. ദേശീയ പുരസ്‌കാര വേദിയിൽ എത്തിയ റാണി മുഖർജിയുടെ ലുക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാരവിഷയം. സബ്യസാചി ഒരുക്കിയ മനോഹരമായ സാരിയിൽ റാണി മുഖർജി മനോഹരിയായിരുന്നു. എന്നാൽ, ആ സാരിയോളം കാണുന്നവരുടെ ഹൃദയം കവർന്നത് റാണി ധരിച്ചിരുന്ന സ്വർണ മാലയാണ്. അതിനുള്ള കാരണം ആ മലയിൽ കൊത്തിവച്ച മകളുടെ പേരായ ആദീരയിലെ ആദ്യാക്ഷരം 'A' എന്നതായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന റാണിയുടെ ഈ മലയിൽ നിന്ന് കണ്ടു നിന്നവർ കണ്ണെടുത്തില്ല.
ഇതിലൂടെ തന്റെ മകളെ ഹൃദയത്തിനടുത്ത് കരുതുന്നുവെന്നൊരു സന്ദേശം കൂടി റാണി മുഖർജി പറയുന്നു. മാതൃത്വത്തിന്റെ മൂല്യങ്ങൾ വിളിച്ചു പറയുന്ന മിസിസ്സ്. ചാറ്റർജി വേഴ്സസ് നോര്‍വേ എന്ന സിനിമയിലെ തന്റെ പ്രകടനത്തിന് കിട്ടിയ ഈ അംഗീകാരം ലോകത്താകമാനമുള്ള അമ്മമാർക്ക് സമർപ്പിക്കുന്നുവെന്ന് റാണി മുഖർജി നേരത്തെ പറഞ്ഞിരുന്നു.
തന്റെ മകളെ തിരികെ ലഭിക്കാൻ നോർവേയിൽ നിയമവ്യവസ്ഥയ്‌ക്കെതിരെ പോരാട്ടം നടത്തിയ ഇന്ത്യക്കാരിയായ അമ്മയുടെ യഥാർത്ഥ ജീവിതകഥയിലെ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മിസിസ്സ്. ചാറ്റർജി വേഴ്സസ് നോര്‍വേ ഒരുക്കിയത്. അതുകൊണ്ട് തന്നെ ഈ കഥാപാത്രത്തിന് അംഗീകാരം കിട്ടുമ്പോൾ അത് തന്റെ മകളെ ചേർത്ത് നിർത്തി കൊണ്ടായിരിക്കണം എന്നുള്ളത് കൊണ്ടായിരിക്കണം റാണി മുഖർജി മകളുടെ പേരിലെ ആദ്യാക്ഷരം കൊത്തിവച്ച മാല ധരിച്ചുകൊണ്ട് പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത്.
സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന റാണി മുഖര്‍ജിയും ഭര്‍ത്താവ് ആദിത്യ ചോപ്രയും മകള്‍ അദീരയെ പൊതുവേദികളില്‍ കൊണ്ടുവരാറില്ല. ഭൂരിഭാഗം താരങ്ങളില്‍ നിന്നും വിഭിന്നമായി, തന്റെ മകളുടെ പ്രൈവസിയെ മാനിച്ചുകൊണ്ട് പാപ്പരാസികളോട് ചിത്രങ്ങൾ എടുക്കരുതെന്ന് ആവശ്യപ്പെട്ട ദമ്പതിമാരാണ് റാണിയും ആദിത്യയും.