
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'വാരണാസി'ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആർആർആർ എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരണാസി. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് കുംഭ എന്ന വില്ലനായി എത്തുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ മഹേഷ് ബാബുവിനെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഷൂട്ടിങ്ങിന്റെ ഇടയ്‌ക്കോ, ഓഫീസിലേക്ക് വരുമ്പോഴോ മഹേഷ് ബാബു തന്റെ ഫോൺ ഉപയോഗിക്കാറില്ല എന്നാണ് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് രാജമൗലി പറഞ്ഞത്.
"മഹേഷ് ബാബുവിന്റെ സ്വഭാവത്തിനൊരു പ്രത്യേകതയുണ്ട്. അത് നമുക്കെല്ലാവര്‍ക്കും പകര്‍ത്താന്‍ കഴിയുന്ന ഒന്നാണ്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടാറില്ല. എട്ട് മണിക്കൂര്‍ അദ്ദേഹം ജോലി ചെയ്യും. അതിനുശേഷം തിരിച്ചുപോകുമ്പോള്‍ മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കുക." രാജമൗലി പറയുന്നു.
അതേസമയം അടുത്ത വർഷമാണ് വാരണാസി തിയേറ്ററുകളിൽ എത്തുന്നത്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുംഭ എന്ന വില്ലനായി പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.