വിജയ് ചിത്രം ' ജനനായകൻ ' വെള്ളിയാഴ്ച റിലീസ് ചെയ്യാനുള്ള സാധ്യത മങ്ങുന്നു. നിർമാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി നാളെയും ഇല്ലെന്ന് ഉറപ്പായി. അനുകൂലവിധി വന്നാലും സെൻസർ ബോർഡ് നടപടികൾ പൂർത്തിയാക്കി ചിത്രം റിലീസ് ചെയുന്നത് വൈകാനാണ് സാധ്യത.
ചെന്നൈ: വിജയ് ചിത്രം 'ജനനായകന്റെ' റിലീസ് അനിശ്ചിതത്വം തുടരുന്നു. സെൻസർ സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി നാളെയുമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ജസ്റ്റിസ് പി.ടി.ആശയുടെ ബഞ്ചിൽ നാളെ ലിസ്റ്റ് ചെയ്തിട്ടില്ല. ഇതോടെ ജനുവരി 9 വെള്ളിയാഴ്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന.
അനുകൂലവിധി വന്നാലും സെൻസർ ബോർഡ് നടപടികൾ പൂർത്തിയാക്കി ചിത്രം റിലീസ് ചെയുന്നത് വൈകാനാണ് സാധ്യത. വെള്ളിയാഴ്ച പുലർച്ചെയുള്ള ഫാൻ ഷോകൾ മുടങ്ങിയേക്കും. U/A സർട്ടിഫിക്കേറ്റ് ഉറപ്പ് നൽകിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് നിലപാട് മാറ്റിയതെന്തിനാണെന്ന് വാദത്തിനിടെ കോടതി ഇന്ന് ചോദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നത് നിർമാതാക്കൾ പരിഗണിക്കുന്നുണ്ട്.
റിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതി ചോദ്യത്തിൽ സെൻസർ ബോർഡിന്‍റെ നാടകീയ വെളിപ്പെടുത്തലോടെയാണ് ഇന്ന് വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ശുപാർശ ചെയ്ത 5 അംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാൾ തന്നെയാണ് പരാതിക്കാരൻ എന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നും ഇവര്‍ വാദിച്ചു.
ആർ.സിക്ക് വിടാൻ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളിൽ സമിതി രൂപീകരിച്ചാൽ മതിയെന്നും ചെയർമാന്‍റെ അധികാരത്തെ തടയാൻ കോടതിക്ക് കഴിയില്ലെന്നും അഡീ.സോളിസിറ്റർ ജനറൽ പറഞ്ഞു. ഇസി നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്ർറെ അഭിപ്രായത്തെ പരാതി ആയി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മറുപടി നൽകിയിരുന്നു.



