
ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'കൂലി' വിദേശ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലർ 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്താനിരിക്കുമ്പോള്‍ ദളപതി വിജയ്‌യുടെ 'ലിയോ' സൃഷ്ടിച്ച റെക്കോർഡുകൾ ഭേദിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
'കൂലി'യുടെ വിദേശ വിതരണാവകാശം 80-90 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ടുകൾ. തമിഴ് സിനിമകളുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു വിദേശ ഡീലാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. ഈ വൻ തുകയ്ക്ക് വിറ്റുപോയതിനാൽ, 'കൂലി' വിദേശത്ത് റെക്കോർഡ് കളക്ഷൻ തന്നെയാണ് ലക്ഷ്യമിടുന്നത്. വിജയ്‌യുടെ 'ലിയോ' 2023-ൽ 204.1 കോടി രൂപയാണ് വിദേശ ബോക്സ് ഓഫീസിൽ നേടിയത്, ഇത് തമിഴ് സിനിമയുടെ ഏറ്റവും ഉയർന്ന വിദേശ കളക്ഷനാണ്. 'കൂലി' ഈ റെക്കോർഡ് മറികടക്കാൻ ശ്രമിക്കുമെന്നാണ് വിവരം.
രജനികാന്തിന്റെ 171-ാമത് ചിത്രമായ 'കൂലി' ലോകേഷ് കനകരാജിന്റെ സംവിധാന മികവുമായി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ വലുതാണ്. ലോകേഷിന്റെ മുൻ ചിത്രങ്ങളായ 'മാസ്റ്റർ', 'വിക്രം', 'ലിയോ' എന്നിവയിലെല്ലാം ഹിറ്റായിരുന്നു. ഇത്തവണ, രജനികാന്തിന്റെ സൂപ്പര്‍സ്റ്റാര്‍ പ്രഭാവവും ലോകേഷിന്റെ സ്റ്റൈലിഷ് സംവിധാനവും ഒന്നിക്കുമ്പോൾ 'കൂലി' ഒരു ബോക്സ് ഓഫീസ് വിസ്മയമാകുമെന്നാണ് പ്രതീക്ഷ.
'കൂലി'യുടെ ബജറ്റ് 400 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിന്റെ പ്രതിഫലം മാത്രം 280 കോടി രൂപയാണെന്നും വാർത്തകളുണ്ട്. എന്നാൽ, ഓഗസ്റ്റ് 14-ന് റിലീസിനെത്തുന്ന 'കൂലി'ക്ക് ഹൃത്വിക് റോഷന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും 'വാർ 2' എന്ന ചിത്രത്തില്‍ നിന്നും കടുത്ത ബോക്സ് ഓഫീസ് മത്സരം നേരിടേണ്ടിവരും. ഈ ക്ലാഷ് 'കൂലി'യുടെ സ്ക്രീൻ കൗണ്ടിനെ ബാധിച്ചേക്കാമെങ്കിലും, രജനികാന്തിന്റെ വൻ ആരാധക പിന്തുണയും ലോകേഷിന്റെ ബ്രാൻഡ് മൂല്യവും ചിത്രത്തിന് ഗുണം ചെയ്തേക്കും എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
വിജയ്‌യുടെ 'ലിയോ' 2023-ൽ 144 കോടി രൂപയുടെ ഓപ്പണിംഗ് ഡേ കളക്ഷനോടെ തമിഴ് സിനിമയുടെ ഏറ്റവും വലിയ ഓപ്പണറായി മാറി. എന്നാൽ, 'വാർ 2' മായുള്ള ക്ലാഷ് 'കൂലി'യുടെ ഓപ്പണിംഗ് ഡേ കളക്ഷനെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
എങ്കിലും, രജനിയുടെ മുൻ ചിത്രമായ 'ജയിലർ' 197.9 കോടി രൂപ വിദേശത്ത് നേടിയിരുന്നു, ഇത് 'ലിയോ'യുടെ റെക്കോർഡിനോട് വളരെ അടുത്താണ്. ശക്തമായ മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ, 'കൂലി' 200 കോടി ക്ലബ്ബിൽ എത്തി തമിഴ് സിനിമയുടെ ഏറ്റവും വലിയ വിദേശ ഗ്രോസറാകാൻ സാധ്യതയുണ്ട്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന 'കൂലി'യിൽ നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങിയ താരനിര അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രം സ്റ്റാൻഡേർഡ്, ഐമാക്സ് ഫോർമാറ്റുകളിൽ റിലീസ് ചെയ്യും.