
ബോക്സ് ഓഫീസിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി രജനികാന്തിന്റെ കൂലിയും ഹൃത്വിക് റോഷന്റെ വാർ 2ഉം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി രജനിയുടെ സ്വാഗ്, മാസ് ആക്ഷൻ രംഗങ്ങൾ, ആമിർ ഖാന്റെ കാമിയോ എന്നിവയുമായാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മറുവശത്ത്, ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ച വാർ 2 വമ്പൻ ഹൈപ്പോടെയാണ് റിലീസ് ചെയ്തത്. അയൻ മുഖർജിയുടെ ഹൈ-ഒക്ടേൻ സ്പൈ ഷോ ആയ വാർ 2ലെ ഇരുവരുടെയും അതിശയിപ്പിക്കുന്ന കെമിസ്ട്രി തന്നെയാണ് പ്രധാന സവിശേഷത.
കൂലി vs വാർ 2 ബോക്സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ തീ പിടിപ്പിച്ചിരിക്കുകയാണ്. രണ്ട് സിനിമകളും ഒരുമിച്ച് എത്തിയതോടെ സമീപകാലത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടങ്ങളിലൊന്നായി ഇത് മാറി. സ്വാതന്ത്ര്യദിനത്തെ തുടർന്ന് എത്തിയ വാരാന്ത്യം പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് ചിത്രങ്ങളും എത്തിയത്. രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങളുടെയും വരവിന്റെ ലക്ഷ്യം ഫലം കണ്ടെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യമെമ്പാടുമുള്ള ആരാധകർ തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തിയതോടെ ആദ്യ മൂന്ന് ദിനങ്ങളിൽ രണ്ട് ചിത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്നാം ദിനത്തിൽ ഇന്ത്യയിൽ കൂലി 150 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടെന്നും കൂലിയുടെ മൂന്ന് ദിവസത്തെ ആകെ കളക്ഷൻ 158.25 കോടി രൂപയാണെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. യാഷ് രാജ് ഫിലിംസിന്റെ വാർ 2 ഇന്ത്യയിൽ മൂന്ന് ദിവസം കൊണ്ട് 142.35 കോടി രൂപ നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട്. വൈകാതെ തന്നെ ചിത്രം 150 കോടി ക്ലബ്ബിലെത്തുമെന്നാണ് വിലയിരുത്തൽ.
രജനികാന്തിന് പുറമെ നാഗാർജുന, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ആമിർ ഖാൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് കൂലിയിൽ അണിനിരക്കുന്നത്. മറുവശത്ത്, ഏക് ഥാ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാർ 2. ജൂനിയർ എൻടിആർ അതിശക്തമായ കഥാപാത്രമായി ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഹൃത്വിക് റോഷന്റെ സ്റ്റൈലിഷും എനർജറ്റിക്കുമായ കഥാപാത്രം തിയേറ്ററുകളിൽ ആവേശമായി മാറി.