
ചെന്നൈ: അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി വളരെ പ്രതീക്ഷയോടെയാണ് വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തിയത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിഡാമുയര്‍ച്ചിയുടെ വീഴ്ചയ്ക്ക് ശേഷം അജിത്തിന്റെ ബോക്സ് ഓഫീസിലെ വിജയകരമായ തിരിച്ചുവരവാണ് ഈ കളര്‍ഫുള്‍ മാസ് എന്‍റര്‍ടെയ്നര്‍ ഒരുക്കുന്നത് എന്നാണ് ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്.
ട്രാക്കിംഗ് സൈറ്റായ സാക്നില്‍.കോം കണക്കനുസരിച്ച് വ്യാഴാഴ്ച ചിത്രം ആഭ്യന്തരമായി 28.50 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയിട്ടുണ്ട്. തിയേറ്ററുകളിൽ മികച്ച ഒക്യുപെന്‍സി നിര്‍ത്തിയ ചിത്രം ദിവസം മുഴുവൻ ശരാശരി 76% എന്ന നിലയില്‍ ഇത് നിലനിര്‍ത്തി.
ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ വൈകുന്നേര ഷോകൾക്ക് 95% ത്തിലധികം പ്രേക്ഷക ഒക്യുപെന്‍സി രേഖപ്പെടുത്തി. ഫസ്റ്റ്ഡേ കിംഗ് എന്ന് ബോക്സോഫീസില്‍ വിളിപ്പേരുള്ള അജിത്തിന്‍റെ ഈ ആഘോഷപടം അത് തീര്‍ത്തും ശരിയാണ് എന്നാണ് തെളിയിക്കുന്നത്. വാരാന്ത്യത്തില്‍ കളക്ഷന്‍ വര്‍ദ്ധിക്കാനാണ് സാധ്യത.
ഇതോടെ റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര കളക്ഷൻ നേടിയ അജിത് ചിത്രമായി ഗുഡ് ബാഡ് അഗ്ലി മാറി. 2022 ൽ ആദ്യ ദിനത്തിൽ 28 കോടി ആഭ്യന്തര കളക്ഷൻ നേടിയ വലിമെയുടെ കളക്ഷൻ റെക്കോർഡ് മറികടന്നിരിക്കുകയാണ് ചിത്രം.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ അജിത്തിന്റെ വിഡാമുയര്‍ച്ചി ആദ്യ ദിനത്തിൽ 22 കോടി കളക്ഷൻ നേടിയിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് അജിത്തിന്റെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, വിദേശത്തും ഗുഡ് ബാഡ് അഗ്ലി ഒന്നാം ദിനം വൻ കളക്ഷൻ നേടും എന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അന്തിമ കണക്കുകൾ വരുമ്പോൾ തമിഴ് സിനിമയിലെ മികച്ച ഓപ്പണിംഗുകളില്‍ ഒന്നാകും ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി എന്നാണ് സൂചന വരുന്നത്.
മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, ടി സീരിസുമാണ് നിര്‍മ്മാതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.
ബസൂക്ക ആദ്യദിനം കളക്ഷൻ: മമ്മൂട്ടി ചിത്രം നേടിയത്, എമ്പുരാനോളം എത്തുമോ?
മരണമാസ്, ബേസിലിന്‍റെ സംഘത്തിന്‍റെയും ചിരി മാസ്സ് പടം - റിവ്യൂ