
മുംബൈ: ജാക്കി ചാൻ തന്റെ 'കരാട്ടെ കിഡ്' എന്ന ചിത്രവുമായി തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷേ സ്ഥിരം ആരാധകർക്ക് അപ്പുറം വലിയ ഓളം ഉണ്ടാക്കാന്‍ പടത്തിന് സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ ശരാശരി പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
ജാക്കി ചാനും റാൽഫ് മച്ചിയോയും അഭിനയിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആയോധന കലയായ കരാട്ടെ അടിസ്ഥാനമാക്കിയ ചിത്രമാണ് ദി കരാട്ടെ കിഡ്: ലെജൻഡ്‌സ്. 2025 മെയ് 30 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ജോനാഥൻ എന്‍റിവിസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഹാൻ, ഡാനിയേൽ ലാറുസ്സോ എന്നിവരുടെ ശിക്ഷണത്തില്‍ ന്യൂയോർക്ക് സിറ്റിയിലെ ഒരു കരാട്ടെ ടൂർണമെന്റിൽ മത്സരിക്കുന്ന ലി ഫോങ്ങിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കരാട്ടെ കിഡ് ലെജൻഡ്‌സ് ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങി.
വെള്ളിയാഴ്ച കരാട്ടെ കിഡ് ലെജൻഡ്‌സ് 1.6 കോടിയാണ് റിലീസ് ദിവസം കളക്ട് ചെയ്തത് എന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്. ശനിയാഴ്ച 49.38 ശതമാനം വർധനവോടെ ചിത്രം 2.39 കോടി നേടി. രണ്ടാം ദിനത്തില്‍ ഇംഗ്ലീഷ് പതിപ്പില്‍ നിന്നും 1.26 കോടി ലഭിച്ചു. ഹിന്ദിയില്‍ നിന്നും 70 ലക്ഷവും, തമിഴില്‍ നിന്നും 20 ലക്ഷവും, തെലുങ്കില്‍ നിന്നും 23 ലക്ഷവും കളക്ഷന്‍ കിട്ടി.
ഇതോടെ രണ്ട് ദിവസത്തില്‍ ഇന്ത്യയില്‍ നിന്നും ഈ ജാക്കിചാന്‍ ചിത്രം 3.99 കോടിയാണ് നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത്.