ഐഎഫ്എഫ്‌കെയില്‍ ഇന്ന് 'കാ ബോഡി സ്‌കേപ്‌സ്' മുഖ്യ ആകര്‍ഷണം

By Web DeskFirst Published Dec 14, 2016, 1:57 AM IST
Highlights

സെന്‍സര്‍ വിലക്കും വിവാദങ്ങളും മറികടന്ന് എത്തിയ മലയാളി സംവിധായകന്‍ ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കേപ്‌സ് ഇന്ന് ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടനചിത്രമായ പാര്‍ട്ടിംഗ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മേളയുടെ ആറാം ദിവസം, ജി അരവിന്ദന്‍ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.

ദേശീയഗാന വിവാദങ്ങള്‍ക്കിടയിലും മികച്ച ജനപങ്കാളിത്തതോടെ ചലച്ചിത്രമേള പുരോഗമിക്കുന്നു. ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗ് ആണ് ആറാം ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്ന്. വൈകീട്ട് മൂന്നിന് കൈരളിയിലാണ് പാര്‍ട്ടിംഗിന്റെ അവസാന പ്രദര്‍ശനം. കുടിയേറ്റവും പലായനവും പ്രമേയമാക്കിയ പാര്‍ട്ടിംഗ്, വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരവിഭാഗത്തില്‍ ദ കഴ്‌സ്‌ഡ് വണ്‍സ്,  ക്ലെയര്‍ ഒബ്‌കുവര്‍, എന്നിവയുടെ അവസാന പ്രദര്‍ശനവും ഇന്നാണ്. ഇറാനിയന്‍ ചിത്രം വേര്‍ ആര്‍ മൈ ഷൂസ്, സൈബല്‍ മിത്രയുടെ ദ ലാസ്റ്റ് മ്യൂറല്‍, സിങ്കപ്പൂരില്‍ നിന്നുള്ള ദ റിട്ടേണ്‍ എന്നിവ ഇന്ന് ആദ്യമായി സ്‌ക്രീനിലെത്തും. മത്സരവിഭാഗത്തിലെ മലയാളി സാന്നിധ്യമായ കാടു പൂക്കും നേരത്തിന്റെ രണ്ടാം പ്രദര്‍ശനവുമുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് മറികടന്ന്, ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക അനുമതിയോടെ, മലയാളി സംവിധായകന്‍ ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കേപുസും ഇന്നെത്തും.

കെ എസ് സേതുമാധവന്റെ പുനര്‍ജന്മം, കലാഭവന്‍ മണിക്ക് ആദരവര്‍പ്പിച്ച് ആയിരത്തില്‍ ഒരുവന്‍ എന്നീ ചിത്രങ്ങളും തീയേറ്ററില്‍ എത്തും.

click me!