'എന്നെ കായികമായി ഇല്ലാതാക്കാന്‍ ശ്രമം'; മുഖ്യമന്ത്രിക്ക് 'മാമാങ്കം' സംവിധായകന്റെ പരാതി

By Web TeamFirst Published Jan 25, 2019, 6:26 PM IST
Highlights

'മാമാങ്ക'ത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും നേരത്തേ ഉണ്ടെന്നും കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തുനിന്ന് വിതുരയിലെ തന്റെ വീട് അന്വേഷിച്ച് എത്തിയെന്നുമാണ് പരാതിയില്‍.
 

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവും നടക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ സജീവ് പിള്ള. അതേസമയം ചിത്രത്തിന്റെ ഇന്ന് കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ ഒഴിവാക്കിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. ആദ്യ രണ്ട് ഷെഡ്യൂളും സജീവ് പിള്ള സംവിധാനം ചെയ്ത ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കുന്നതിന്റെ തൊട്ടുമുന്‍പാണ് തന്നെ ഒഴിവാക്കിയതായ, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് ലഭിച്ചതെന്നും സജീവ് പിള്ള പറയുന്നു.

'മാമാങ്ക'ത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണിയും സമ്മര്‍ദ്ദവും നേരത്തേ ഉണ്ടെന്നും കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തുനിന്ന് വിതുരയിലെ തന്റെ വീട് അന്വേഷിച്ച് എത്തിയെന്നുമാണ് പരാതിയില്‍. "ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പകല്‍ പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ്മാനില്‍ നിന്ന് എന്റെ വീടിന്റെ ലൊക്കേഷന്‍ മനസിലാക്കി, സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തുനിന്നുള്ള ആള്‍ക്കാരാണെന്ന് അവര്‍ അറിയിച്ചു. ഇവര്‍ പോസ്റ്റ്മാനുമായി ബന്ധപ്പെട്ട നമ്പരിലേക്ക് പിന്നെ ബന്ധപ്പെടാനേ സാധിച്ചിട്ടുമില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. ഇതിന് പിന്നില്‍ എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഞാനുമാണുള്ളത്. എന്റെ മാതാപിതാക്കളും ഞാനും ആശങ്കയിലാണ്. അതുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം തരാനും അങ്ങയുടെ അങ്ങയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സഹായിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു." സജീവ് പിള്ളയുടെ പരാതിയില്‍ പറയുന്നു.

"

യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്. 

'മാമാങ്ക'ത്തില്‍ നിന്ന് മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റിയതും നേരത്തേ വിവാദമായിരുന്നു. പിന്നാലെയാണ് സജീവ് പിള്ളയെയും ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് നീക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതൊക്കെ പരിഹരിക്കപ്പെട്ടെന്നാണ് വിശ്വാസമെന്നുമായിരുന്നു ഈ മാസം തുടക്കത്തില്‍ ഈ വിഷയത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സജീവ് പിള്ള പറഞ്ഞത്.

click me!