
കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ മലയാളം സീസൺ 7 മൽസരാർത്ഥിയായ ശൈത്യ സന്തോഷ് ബിഗ്ബോസ് മുൻ വിജയി അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മാരാർ കൊട്ടിയാൽ മാക്രി കരയുമായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല എന്നായിരുന്നു ശൈത്യ വീഡിയോയിൽ പറഞ്ഞത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അഖിൽ മാരാർ. ശൈത്യയുടെ പേരെടുത്ത് പറയാതെയാണ് അഖിൽ മാരാരുടെ മറുപടി.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ: ''രണ്ട് ദിവസമായി കുറച്ച് പേർ ഒരു പെൺകുട്ടി ഉണ്ടക്കണ്ണും തള്ളിപ്പിടിച്ച് മാരാരെപ്പറ്റി പറയുന്ന വീഡിയോ അയച്ചു തന്ന് പ്രതികരിക്കാൻ പറയുന്നു. നിങ്ങൾക്ക് ആൾ മാറിയതാണെന്ന് തോന്നുന്നു. ആ കുട്ടി എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു. പ്രിയപ്പെട്ട ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ കിട്ടുന്നത് കണ്ട് സഹിക്കാൻ വയ്യാതെ പേടിച്ച സമയത്ത് ഉണ്ടായിട്ടുളളതാണെന്ന് തോന്നുന്നു. ചുറ്റുമുളളതൊന്നും കാണാനും കേൾക്കാനും പറ്റാത്ത ഒരു പാവം പെൺകുട്ടിയുടെ വീഡിയോ ആണ്.
മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതി എന്നൊക്കെയാണ് പറയുന്നത്. ഷഡ്കാല ഗോവിന്ദ മാരാർ രാത്രി തംബുരു മീട്ടുമ്പോൾ മാക്രികൾ കരഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്ന് കല്ലെടുത്ത് തവളകളെ എറിഞ്ഞു. ഇത് കണ്ടിട്ടാവാം ഷഡ്കാല ഗോവിന്ദ മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതിയെന്ന് ഇയാൾ പറഞ്ഞത്. അല്ലെങ്കിൽ രാഷ്ട്രീയ വിരോധം ആകാനും സാധ്യതയുണ്ട്. തിരുവനന്തപുരത്തെ ബിജെപി ഓഫീസിന്റെ പേര് മാരാർജി ഭവൻ എന്നാണ്. അവരോടുളള വിരോധം കൊണ്ടാകാനും നേരിയ സാധ്യത കാണുന്നുണ്ട്. കേരളത്തിലെ 90 ശതമാനം വരുന്ന ഇടത്-മതേതര അനുകൂലികളുടെ പിന്തുണ നമുക്ക് ലഭിക്കും. ബിജെപിയുടെ സ്ഥാപക നേതാവായ മാരാർ മാക്രികളെ പേടിപ്പിച്ചാൽ മതി, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കണ്ട എന്ന ഒരു ധ്വനിയും അതിധീരയായ ഈ പെൺകുട്ടിയുടെ ശബ്ദത്തിലൂടെ ഉണ്ടായിട്ടുണ്ടോ എന്നാണ് വ്യാഖ്യാനിക്കുന്നത്.
ശരീരത്തിലുണ്ടാകുന്ന കുരു പഴുത്ത് പൊട്ടിപ്പോകുമ്പോൾ ഒരു ആശ്വാസം കിട്ടും. അത് പോലെ ഇങ്ങനെയൊരു വീഡിയോ ചെയ്യുമ്പോൾ അതിനൊരു ആശ്വാസം കിട്ടിക്കാണും. ചെറിയ പൈസയൊന്നും അല്ലല്ലോ. ഒന്നര ലക്ഷം രൂപ കുരു പൊട്ടിക്കാനായി കൊടുത്തിട്ടുണ്ടായിരുന്നു. അപ്പോൾ അടിച്ച് പുറത്താക്കി വിട്ടതിന്റെ വിഷമം കാണും. കൂപമണ്ഡൂകം എന്നൊരു വാക്ക് ഉണ്ട്, പൊട്ടക്കിണറ്റിലെ തവള. കിണറിന് പുറത്തുളള ലോകം അതിന് അറിയില്ല. അത് മനസ്സിലാക്കാനുളള ബോധം ഇല്ലാത്ത മനുഷ്യരുണ്ട്. അവരുടെയൊക്കെ ജീവിതത്തിൽ വിജയിക്കട്ടെ, ഇല്ലെങ്കിൽ പൊട്ടിപ്പൊട്ടി കരഞ്ഞ് ജീവിതം വിജയിക്കുന്നത് വരെ ഓടിക്കൊണ്ടിരിക്കട്ടെ'', എന്ന് അഖിൽ മാരാർ വീഡിയോയിൽ പറഞ്ഞു.