
ബിഗ്ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് അടുത്തുകൊടുത്തുകൊണ്ടിരിക്കുകയാണ്. മിനിസ്ക്രീൻ താരം ബിന്നി സെബാസ്റ്റ്യനാണ് ഏറ്റവും ഒടുവിൽ നടന്ന എവിക്ഷൻ റൗണ്ടിൽ പുറത്തു പോയത്. ബിഗ്ബോസ് ഒരു വലിയ പാഠപുസ്തകം ആയിരുന്നുവെന്നും കഴിഞ്ഞയാഴ്ച പുറത്താകുമെന്ന് തനിക്ക് തോന്നിയിരുന്നു എന്നും ബിന്നി പറയുന്നു. ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തനിക്ക് പിആർ ഇല്ലായിരുന്നു എന്നും ബിന്നി അഭിമുഖത്തിൽ പറയുന്നുണ്ട്.
''ഞാൻ പിആർ കൊടുത്തിട്ടല്ല വന്നത്. അതിനെപ്പറ്റി അന്വേഷിച്ചിരുന്നു. വളരെ അടുത്ത ചിലരോട് ബിഗ്ബോസിൽ പോകുന്ന കാര്യം പറഞ്ഞിരുന്നു. പിആർ കൊടുക്കണം എന്ന് കുറച്ചുപേർ പറഞ്ഞു, കൊടുക്കണ്ട എന്ന് മറ്റു ചിലർ പറഞ്ഞു. എന്തായാലും പിആർ വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചത്. കാരണം, ബിഗ്ബോസിൽ വരുന്നതിന് എനിക്കൊരു ഉദ്ദേശ്യം ഉണ്ടായിരുന്നു. ഇതിലൂടെ സിനിമയിലേക്ക് ഒരുവസരം ലഭിക്കണം, ഇതിൽ നിന്നും ലഭിക്കുന്ന പൈസ കൊണ്ട് ബിസിനസ് ചെയ്യണം എന്നതൊക്കെയായിരുന്നു എന്റെ ആഗ്രഹങ്ങൾ. പിആറിനു വേണ്ടി പൈസ മുടക്കിയിട്ട് പിന്നെ ഞാൻ ഇതിലേക്കു വരുന്നതിൽ അർത്ഥമില്ല'', ബിന്നി പറഞ്ഞു.
ബിഗ്ബോസിനുള്ളിൽ വെച്ച് പിആറിനെക്കുറിച്ച് പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് താൻ ഇമോഷണൽ ആയത് എന്നതിനെക്കുറിച്ചും ബിന്നി സംസാരിച്ചു. ''അനുമോൾ എന്റെയടുത്ത് നേരിട്ടു പറഞ്ഞ കാര്യമാണ്. എവിക്ഷൻ വരുമ്പോളും ഓരോ ടാസ്ക് വരുമ്പോളും പിആർ ഉള്ളവരുടെ ആത്മവിശ്വാസവും സന്തോഷവും ഒക്കെ കാണുമ്പോൾ നമുക്കു വിഷമം വരും. കാരണം നമ്മൾ കൈ പോയാലും കാലു പോയാലും കുഴപ്പമില്ല എന്നു പറഞ്ഞ് എക്സ്ട്രാ എഫേർട്ട് ഇട്ടിട്ടാണ് ഓരോ ടാസ്കും ചെയ്യുന്നത്. പക്ഷേ ടാക്സിൽ ഇത്തിരി പിന്നോട്ടു നിന്നാലും അവർക്കൊരു കോൺഫിഡൻസ് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. പക്ഷേ, പിആർ കൊണ്ടു മാത്രം കാര്യമില്ല. പെർഫോം ചെയ്താലേ ആളുകൾക്ക് ഇഷ്ടപ്പെടൂ'', ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിന്നിയുടെ പ്രതികരണം.