
നടൻ കൃഷ്ണ കുമാറിന്റെ മകളും സംരംഭകയും ഇൻഫ്‌ളുവൻസറുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ദിയയുടെ ഭര്‍ത്താവ് അശ്വിൻ ഗണേശനെതിരെയും ആരോപണവിധേയരായ യുവതികള്‍ രംഗത്തെത്തിയിരുന്നു. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ ഫോണ്‍ ചെയ്താണ് പാക്ക് ചെയ്തോ എന്നൊക്കെ ചോദിക്കുന്നതെന്നും രാത്രി വിളിച്ച് ഇപ്പോൾ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ച് അശ്വിന്‍ പൂവാലന്മാരെ പോലെ തങ്ങളോട് സംസാരിക്കുന്നുവെന്നും കഴിഞ്ഞദിവസം യുവതികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വീഡിയോയ്ക്കു താഴെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണെ് ദിയ കൃഷ്ണ.
''വീട്ടിൽ ബിരിയാണി ആണ് മോളേ, മണ്ണുവാരി അവൻ തിന്നാറില്ല'' എന്നായിരുന്നു പെൺകുട്ടിയുടെ ആരോപണത്തിന് ദിയയുടെ മറുപടി. ഒരു ലക്ഷത്തിലേറെ ലൈക്കുകളാണ് ദിയയുടെ ഈ കമന്റിനു മാത്രം കിട്ടിയിരിക്കുന്നത്. ദിയയെക്കൂടാതെ സെലിബ്രിറ്റികളടക്കം നിരവധി പേർ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം'' എന്നാണ് വീഡിയോയ്ക്കു താഴെ നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ''പോക്രിത്തരം പറയുന്നോ'' എന്നാണ് നടി വീണാ നായർ പ്രതികരിച്ചത്. ''ഒരു രക്ഷയും ഇല്ല, വൃത്തികെട്ട കള്ളം'' എന്നാണ് ദിയയുടെ സഹോദരി ഹൻസിക കൃഷ്ണ ഇതിനെതിരെ പ്രതികരിച്ചത്.
അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ ഇന്നലെയും കണ്ടെത്താനായില്ലെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഇന്നലെ ഡിജിപി ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.