
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഇതിനു പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ തങ്ങളുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ദിവ്യ. ഇന്നു പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ തങ്ങളുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുകയാണെന്ന് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ പറയുന്നു.
''ഈ ദിവസത്തെ പ്രത്യേകത എന്താണെന്ന് എല്ലാവർക്കും മനസിലായി കാണും. വളരെ കോളിളക്കം സൃഷ്ടിച്ചൊരു കല്യാണം... പത്തരമാറ്റിലെ മൂർത്തി മുത്തശ്ശനും സുഖമോ ദേവിയിലെ ചന്ദ്രമതിയും തമ്മിലുള്ള കല്യാണം. ഇന്ന് പിരിയും നാളെ പിരിയുമെന്ന് പറഞ്ഞ് കളിയാക്കിയവരുടെ മുന്നിൽ ഇതാ ഞങ്ങളുടെ ദാമ്പത്യത്തിന് ഒരു വർഷം തികയുന്നു. ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തിയ എല്ലാവർക്കും ഒത്തിരി നന്ദി.
എവിടെ കണ്ടാലും ദിവ്യ അല്ലേ?, ക്രിസ് അല്ലേ?, ക്രിസ് വന്നില്ലേ? എന്നൊക്കെ ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ സ്നേഹത്തിന് എന്ത് പറയണമെന്നും അറിയില്ല. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും കൂടെയുണ്ടാകണം. വീട്ടിലെ അംഗത്തെപ്പോലെയാണ് നിങ്ങൾ ഞങ്ങളെ കണ്ടത്. ആ സ്നേഹം എനിക്ക് ലഭിക്കാൻ തുടങ്ങിയത് ഈ ഒരു കല്യാണത്തോടെയാണ്. അതിന് സർവേശ്വരനോട് നന്ദി പറയുന്നു.
ഇങ്ങനൊരു ലൈഫ് തന്ന ഏട്ടനും കുടുംബത്തിനും സൗമ്യ ചേച്ചിയോടും നന്ദി പറയുന്നു. കളിയാക്കലും പരിഹസിക്കലും ഒന്നും അവസാനിക്കുന്നില്ല. തുടർന്നുകൊണ്ടേയിരിക്കുന്നു'', ദിവ്യ ശ്രീധർ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക