
മലയാളികൾക്ക് പ്രിയങ്കരനായ ടെലിവിഷൻ താരമാണ് റെയ്ജൻ രാജൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന പരമ്പരയിലാണ് റെയ്ജൻ ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ആറ് വർഷമായി റെയ്ജൻ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷ്ടം മാത്രം എന്ന സീരിയലിൽ റെയ്ജന്റെ നായികയായി അഭിനയിക്കുന്ന മൃദുല വിജയ്. ജൂനിയർ ആർടിസ്റ്റായ ഒരു സ്ത്രീയിൽ നിന്നാണ് റെയ്ജന് ഈ ദുരനുഭവം ഉണ്ടായതെന്ന് മൃദുല പറയുന്നു.
''കഴിഞ്ഞ ആറ് വർഷമായി ഞങ്ങളുടെ സെറ്റുകളിൽ വന്ന് കൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് റേയ്ജൻ ചേട്ടന് നിരന്തരമായി മെസേജ് അയക്കും. വളരെ മോശമായ മെസേജുകളാണ് അയച്ചുകൊണ്ടിരുന്നത്. പല ഫോൺ നമ്പറുകളിൽ വിളിക്കുകയും അതിനുശേഷം വന്ന് സോറി പറയുകയും ചെയ്തു. വീണ്ടും സെക്ഷ്വലായിട്ടുള്ള മെസേജുകൾ അയച്ചു. അഞ്ചാറ് വർഷമായി ഇത് നടക്കുന്നുണ്ട്. നിരന്തരമായി മെസേജുകൾ വരാൻ തുടങ്ങിയിട്ട് മൂന്ന് വർഷം അടുപ്പിച്ചായി. ഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തിന് എതിരെ റെയ്ജൻ ചേട്ടൻ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് എല്ലാവരും ചിന്തിക്കുമായിരിക്കും. അതിന് കാരണം നമ്മുടെ ഇവിടുത്തെ നിയമം തന്നെയാണ്. ഒരു പെണ്ണ് സംസാരിച്ച് കഴിഞ്ഞാൽ അതിനെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടാകും. പെണ്ണ് കാരണം നേരിടുന്ന ബുദ്ധിമുട്ട് ഒരു പുരുഷൻ പറഞ്ഞാൽ പിന്തുണയ്ക്കാൻ ആളുകളുണ്ടാവില്ല.
ക്ഷമ നശിച്ച് കഴിഞ്ഞ ദിവസം മുതൽ റെയ്ജൻ ചേട്ടൻ ഇതിന് എതിരെ പ്രതികരിച്ച് തുടങ്ങി. അദ്ദേഹം റിയാക്ട് ചെയ്തശേഷം പുള്ളിക്കാരിയിൽ നിന്നും ഒരു പ്രതികരണം വന്നു. ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല. ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കുന്നു. എനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അവർ പറയുന്നത്. നീ എന്നെ മൈന്റ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുമെന്നു പറഞ്ഞ് ഭീഷണിയും ഉണ്ടായി.
ആ സ്ത്രീ സൃഷ്ടിച്ച പ്രശ്നങ്ങൾ രണ്ട് തവണ ഞാൻ നേരിട്ട് കണ്ടിരുന്നു. ഒരു തവണ ലൊക്കേഷനിൽ വെച്ച് റേയ്ജൻ ചേട്ടനോട് സംസാരിക്കാൻ വന്നു. എഴുന്നേറ്റ് പോയപ്പോൾ ആ സ്ത്രീ അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ച് വലിച്ചു. രണ്ടാമത്തെ സംഭവം അടുത്തിടെയാണ്. ഇനി വന്നാൽ ലൊക്കേഷനിൽ കയറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് ആ സ്ത്രീ പർദ്ദയിട്ട് വന്നു. ഷോട്ടിൽ നിൽക്കുന്ന റേയ്ജൻ ചേട്ടന് ചോക്ലേറ്റ് കൊടുക്കാൻ നോക്കി. ചേട്ടന് ഉടനെ കാര്യം മനസിലായി. ഇപ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഞാൻ ഈ വീഡിയോ ഇടുന്നത്'', മൃദുല വീഡിയോയിൽ പറഞ്ഞു.