
'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനികാന്ത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. അടുത്തിടെ ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ലഭിച്ച കാര്യവും ജോലിസ്ഥലത്തെ വിശേഷങ്ങളുമൊക്കെ ശ്രുതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രവാസജീവിതത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. വളരെ എക്സ്പെൻസീവ് ആയ നഗരമാണ് ദുബൈ എന്ന് ശ്രുതി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അക്കൗണ്ടിൽ ഉണ്ടെങ്കിലെ ഒരു മാസം തള്ളി നീക്കാൻ കഴിയൂവെന്നും നടി പറയുന്നു.
''ദുബൈയിലേക്ക് ജോലിക്ക് വന്ന ആദ്യ മാസം ഹോട്ടലിലാണ് ഞാൻ നിന്നത്. നല്ല എക്സ്പെൻസീവാണെന്ന് ആദ്യം മനസിലായി. സ്ട്രഗിൾ ചെയ്യാൻ തയ്യാറായിട്ട് വേണം ദുബൈയിലേക്ക് വരാൻ. ഡിഗ്രി കൂടുന്നതിന് അനുസരിച്ച് ജോലി കിട്ടാൻ ബുദ്ധിമുട്ടാകും. ദുബൈയിലേക്ക് വന്നിട്ട് ആദ്യം ജോലി കിട്ടാൻ ബുദ്ധിമുട്ടും. രണ്ട്, മൂന്ന് വർഷം ബുദ്ധിമുട്ടിയാൽ ഫിനാന്‍ഷ്യലി സ്റ്റേബിളാകാം. എനിക്ക് ആദ്യത്തെ മൂന്ന് മാസം സ്ട്രഗിൾ ആയിരുന്നു. എന്റെ ഭാഗ്യം കൊണ്ട് ജോലി കിട്ടിയ ശേഷമാണ് ഞാൻ ദുബൈയിലേക്ക് വന്നത്. ഇപ്പോൾ നിൽക്കുന്നത് വില്ലയിലാണ്. നാട്ടിലെ എഴുപതിനായിരം രൂപ ഇവിടെ വാടകയാകും.
ദുബൈയിലേക്ക് വരുന്നവരുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കാണിക്കണമെന്ന് പറയും. അത് വെറുതെയല്ല. ഒരു ലക്ഷം രൂപ ഉണ്ടെങ്കിലെ ഒരു മാസം ഇവിടെ അതിജീവിക്കാൻ പറ്റു. ബെഡ് സ്പെയ്സിന് പോലും നല്ലൊരു തുക വരും. ഇപ്പോൾ ജീവിതം മെച്ചപ്പെട്ടു. എമിറേറ്റ്സ് ഐഡി കിട്ടിയതുകൊണ്ട് കയ്യിൽ പൈസയുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിൽ വീട്ടിൽ പോയി വരാം'', ശ്രുതി വീഡിയോയിൽ പറഞ്ഞു.